News Desk

2021-03-22 01:24:39 pm IST
കല്‍പ്പറ്റ: കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി രാജിവെച്ചു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രൂപ്പ് പോരില്‍ മനം മടുത്തുവെന്നും ഇനിയും തുടരാന്‍ കഴിയില്ലെന്നും ഹൈക്കമാന്‍ഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും റോസക്കുട്ടി പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ ലതിക സുഭാഷിന് ഒരു സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അതേ കുറിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ തന്നെ വേദനിപ്പിച്ചതായും അവര്‍ പറഞ്ഞു.

വയനാട് ജില്ലയില്‍ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടോയെന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. 

നിലവില്‍ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കെ.സി വേണുഗോപാലും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി.

1991 ല്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു കെ.സി റോസക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ സീറ്റീല്‍ റോസക്കുട്ടി ടീച്ചറുടെ പേരും സാധ്യത പട്ടികയിലുണ്ടായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top