News Desk

2021-05-22 03:01:21 pm IST
തിരുവനന്തപുരം: കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലി. ഗവണ്‍മെന്റ് ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണക്കും. അതേസമയം, തെറ്റായ കാര്യങ്ങളുണ്ടാവുമ്പോള്‍ തിരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1967ന് ശേഷം ചരിത്രത്തിലെ വലിയ പരാജയമാണ് ഇത്തവണ കോണ്‍ഗ്രസിനുണ്ടായത്. അതില്‍ നിന്ന് തിരിച്ചുവരാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തമെന്നും കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുമെന്നും അദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തി സര്‍ക്കരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തില്ല. കൊവിഡിനെതിരെ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ നിരുപാധിക പിന്തുണയുണ്ടാവുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

രണ്ട് പ്രളയങ്ങളും കൊവിഡ് മഹാമാരിയും നേരിട്ട കേരള ജനത വലിയ പ്രയാസത്തിലാണ്. അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. അതിനായി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യാനാവുന്ന എല്ലാ കാര്യങ്ങളും ചെയ്യും. വര്‍ഗീയതയുമായി സന്ധിയില്ലാത്ത പോരാട്ടം നടത്തും. അതില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറില്ല. പാര്‍ലമെന്ററി രംഗത്ത് എന്ത് നഷ്ടങ്ങളുണ്ടാവുമെന്ന് നോക്കാതെ എല്ലാ തരത്തിലുമുള്ള വര്‍ഗീയതക്കെതിരെയും ശക്തമായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top