News Desk

2021-02-17 05:58:42 pm IST

അമൃത്‌സര്‍: കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം വ്യക്തമായ ആധിപത്യം പുലര്‍ത്തി കോണ്‍ഗ്രസ് മുന്നേറുകയാണ്. 

ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ എന്നീ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.

ഫെബ്രുവരി 14-നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എട്ട് കോര്‍പറേഷനുകളില്‍ എട്ടിടത്തും 109 കൗണ്‍സിലുകളില്‍ 63 ഇടത്തും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി ഭരിച്ച 29 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഇക്കുറി വിജയിച്ചിട്ടുണ്ട്.

മുന്‍ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ എം.പിയുമായ ഹര്‍സിമ്രത് ബാദലാണ് ഭട്ടിന്‍ഡ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് ബാദല്‍ അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശിരോമണി അകാലിദള്‍ ബി.ജെ.പി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

ഏറിയ സ്ഥലത്തും ശിരോമണി അകാലിദളിനും ആംആദ്മി പാര്‍ട്ടിക്കും പിന്നിലായാണ് ബി.ജെ.പി ഫിനിഷ് ചെയ്തത്. ഹോഷിയാര്‍പൂരില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ തിക്ഷണ്‍ സൂദിന്റെ ഭാര്യ പരാജയപ്പെട്ടു. അന്തിമഫല സൂചനകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top