News Desk

2021-06-09 05:59:59 pm IST

കരവത്തി: ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളില്‍ രഹസ്യവിവരം ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചത്. 

എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോകണമെന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് കൈമാറണം എന്നുമായിരുന്നു നിര്‍ദേശം. ജീവനക്കാര്‍ ബോട്ടില്‍ കയറുന്നതിനോട് തൊഴിലാളികള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

ഇതിനിടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നത്. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്റ് ഏവിയേന്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. 

സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കില്‍ സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടെത്താന്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അടക്കം നിലവില്‍ പരിശോധന നടത്തുന്നുണ്ട്. ലോക്കല്‍ പൊലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളില്‍ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. 

എട്ട് മുതല്‍ 10 മണിക്കൂര്‍വരെ കടലില്‍ ജോലി ചെയ്യേണ്ടിവരുന്നത് പരിചയമില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കും ഈ സഹാചര്യത്തില്‍ തീരുമാനത്തില്‍ നിന്ന് പിന്‍വലിക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം. 

അതേസമയം, കപ്പലുകള്‍ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ വേണം എന്ന ഉത്തരവും റദ്ദാക്കി. കൊച്ചിയിലും ബേപ്പൂരിലുമടക്കം പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 

അഡ്മിനിസ്ട്രേറ്ററുടെ അഡൈ്വസറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലക്ഷദ്വീപിലെത്തുന്നവരെയും മത്സ്യബന്ധനത്തൊഴിലാളികളെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഷിപ്പിയാര്‍ഡുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top