News Desk

2021-02-14 01:41:16 pm IST

മാനന്തവാടി: മകന്റെ ചികിത്സക്കായി പിരിച്ചെടുത്ത പണം ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ പൂര്‍ണമായി തന്നില്ലെന്ന ആരോപണവുമായി കുടുംബം. മാനന്തവാടി പൈങ്ങാട്ടിരി സ്വദേശികളായ സഞ്ജയ് മുണ്ടക്കല്‍-ആരതി എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മകന്‍ ദര്‍ശിതിന്റെ ചികിത്സാ സഹായത്തിനായി ഫിറോസ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ചെയ്തിരുന്നു. തുടര്‍ന്ന് മാനന്തവാടി കനറാ ബാങ്കില്‍ ആരംഭിച്ച ജോയന്റ് അക്കൗണ്ടിലേയ്ക്ക് 21 ലക്ഷം രൂപ ലഭിച്ചു. ഇതില്‍ നിന്നും കുട്ടിയുടെ ചികിത്സക്കായി ഒമ്പതര ലക്ഷം രൂപ ഫിറോസ് കുടുംബത്തിന് നല്‍കി. 

എന്നാല്‍ കുട്ടിയുടെ ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്ത് ബാക്കി തുക ഇവര്‍ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നു കുടുംബം ആരോപിക്കുന്നു. 

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം മാനന്തവാടി പൊലീസ് ശനിയാഴ്ച ഫിറോസ് കുന്നുംപറമ്പിലിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുത്തു. ചികിത്സ സഹായവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഫിറോസ് പറയുന്നത്. 

അതേസമയം, ചികിത്സാ ഫണ്ട് ഫിറോസ് കുന്നംപറമ്പില്‍ തട്ടിയെടുത്തെന്ന ആരോപണവുമായി രംഗത്തുവന്ന രണ്ടു പേര്‍ക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി അബ്ദുല്‍ ഹക്കീം പഴയന്നൂര്‍, കോഴിക്കോട് സ്വദേശി അബ്ദുല്‍ സലീല്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷ നിയമം 151 വകുപ്പ് പ്രകാരം കേസെടുത്തത്.

ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഫേസ്ബുക്ക് ലൈവില്‍ പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് ഇരുവരും ഫേസ്ബുക്ക് ലൈവ് ചെയ്തത്. 

ഫേസ്ബുക്ക് ലൈവിനെ തുടര്‍ന്ന് മഹല്ല് കമ്മിറ്റിയംഗങ്ങളും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ലോഡ്ജ് പരിസരത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. മഹല്ല് ഭാരവാഹികളോട് ക്ഷമാപണം നടത്തിയ ശേഷമാണ് സംഘര്‍ഷം അവസാനിച്ചത്. 

എന്നാല്‍, പിന്നീടും ആരോപണങ്ങള്‍ ശ്ചാത്തലത്തിലാണ് ശനിയാഴ്ച രാത്രി ഹക്കീമിനേയും സലീലിനേയും അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂര്‍ നീണ്ട ലൈവില്‍ ഒരിടത്തുപോലും മഹല്ല് കമ്മിറ്റിയെ മോശപ്പെടുത്തിയിട്ടില്ലെന്നും ഫിറോസ് കുന്നുംപറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു സംഘം അക്രമാസക്തരായി വന്നതെന്നും ഹക്കീമും സലീലും പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top