News Desk

2021-03-07 07:08:16 pm IST
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പുറത്തുപോയ പ്രിന്‍സ് ഹാരിയുടെ ഭാര്യ മേഗന്‍ മര്‍ക്ള്‍ വീണ്ടും വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മാനമായി നല്‍കിയ കമ്മലുകള്‍ ധരിച്ചുവെന്നതാണ് ഇപ്പോള്‍ വിവാദം ചൂടുപിടിക്കാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. 

ഒരാഴ്ച മുന്‍പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മാനമായി നല്‍കിയ കമ്മല്‍ മേഗന്‍ ധരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തക ഒപ്ര വിന്‍ഫ്രിയുമായുള്ള മേഗന്റെയും ഹാരിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് എം.ബി.എസ് മേഗന് സമ്മാനമായി നല്‍കിയ കമ്മലുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചത്. 

ജമാല്‍ ഖഷോഗിയുടെ ചോരക്കറപുരണ്ട കമ്മലാണ് മേഗന്‍ ധരിക്കുന്നത് എന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട മൂന്നാഴ്ചയ്ക്ക് ശേഷം നടന്ന വിരുന്നില്‍ വിവാഹ സമ്മാനമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ കമ്മലുകള്‍ മേഗന്‍ ധരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റിപ്പോര്‍ട്ട് ഇരുവരും നിഷേധിച്ചു. ഒപ്രാ വിന്‍ഫ്രിയുമായുള്ള അഭിമുഖം വരുന്നതിന്റെ ഭാഗമായാണ് ഇത്തരം വിവാദങ്ങളെന്നാണ് മേഗന്റെയും ഹാരിയുടെയും വക്താവ് പറഞ്ഞത്.

ഹാരിയുടെ മേഗന്റെയും ഒപ്രാ വിന്‍ഫ്രി ഷോയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ രാജകുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും ചേര്‍ന്ന് മറ്റൊരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഒപ്രാ വിന്‍ഫ്രിയുമായുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചാള്‍സ് രാജകുമാരന്‍, കമില, വില്ല്യം, കെയ്റ്റ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രാജകുടുംബത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം പ്രിന്‍സ് ഹാരിയും മേഗനും ആദ്യമായി സംസാരിക്കുന്നത് ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിലാണ്. സി.ബി.എസിലാണ് പരിപാടി സംപ്രക്ഷേണം ചെയ്യുക.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top