മസ്കറ്റ്: ഒമാനില്‍ രണ്ടു പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. രണ്ട് ഒമാന്‍ പൗരന്മാര്ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 24 ആയി.
അതേസമയം, വിദേശികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. വിദേശത്തുള്ള റസിഡന്റ് കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ തിരികെയെത്താമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി സര്‍ക്കുലറിലൂടെ അറിയിച്ചു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളിലെ പൗരന്മാരും റസിഡന്റ് വിസയുള്ളവരും ഒഴികെയുള്ള വിദേശികള്‍ക്കായിരിക്കും വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ബാധകമായിരിക്കുകയെന്നും അതോറിറ്റി അറിയിച്ചു.
അതോറിറ്റി എയര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ സാലിം ഹമെദ് സൈദ് അല്‍ ഹുസ്നിയാണ് സര്‍ക്കുലറില്‍ ഒപ്പുവെച്ചത്. പുതിയ തീരുമാനം ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ പ്രാബല്യത്തിലാണ്.