News Desk

2021-04-24 10:29:53 am IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം റെക്കോഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്നു. ഇന്നും മൂന്നര ലക്ഷത്തോളം ആളുകള്‍ രോഗബാധിതരായി. രാജ്യത്ത് പുതുതായി 3.46 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേര്‍ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സയിലുള്ളത്. 

ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരെയും സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.  

ഓക്‌സിജന്‍, വാക്‌സീന്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടര്‍ അവലോകന യോഗങ്ങള്‍ ഇന്നും ചേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തിനാലായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ വൈറസിന്റെ  യു.കെ വകഭേദം രോഗവ്യാപനം തീവ്രമാക്കിയെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ബത്ര ആശുപത്രിയിലും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. 190 രോഗികളാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്നത്. ഓക്‌സിജന്‍ തീര്‍ന്നതോടെ ഡല്‍ഹി മൂല്‍ചന്ദ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചു. 

കേരളത്തിനൊപ്പം കര്‍ണാടകത്തില്‍ ഇന്നും നാളെയും വാരാന്ത്യ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ ഒന്നും തുറക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചിടും. മെട്രോ പ്രവര്‍ത്തിക്കില്ല. പബ്ബ്കള്‍, മാളുകള്‍ തിയേറ്ററുകള്‍ എല്ലാം അടച്ചിടും. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രമേ അനുവദിക്കൂ. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top