News Desk

2020-02-24 06:34:36 pm IST

ദുബൈ: ഇറാനും യു.എ.ഇക്കും പുറമെ കൊറോണ രോഗം കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബഹ്റൈനിലും കുവൈത്തിലും അഫ്ഗാനിസ്ഥാനിലും രോഗം സ്ഥിരീകരിച്ചു. 

കുവൈത്തില്‍ മൂന്നു പേര്‍ക്കും ബഹ്റൈനിലും അഫ്ഗാനിസ്ഥാനിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നെത്തിയവരിലാണ് വൈറസ് ബാധയെന്നും ഇവര്‍  നിരീക്ഷണത്തിലാണെന്നും ബഹ്‌റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. 

ഇറാനോടു ചേര്‍ന്നുള്ള ഹെറാത്ത് പ്രവിശ്യയിലാണ് അഫ്ഗാനിസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചത്. ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പതിമൂന്നായി. ഒമ്പതു പേര്‍ക്കാണ് യു.എ.ഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

അതേസമയം, ഇറാനിലെ ഖ്വോം നഗരത്തില്‍ കൊറോണ വൈറസ് ബാധിച്ച് 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ അര്‍ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എല്‍.എന്‍.എയാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാല്‍ 47 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും 12 പേര്‍ മരിച്ചതായുമാണ് ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഖ്വോമില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ അഹ്മദ് അമിറൈബാദി ഫറഹാനിയെ ഉദ്ധരിച്ചാണ് ഐ.എല്‍.എന്‍.എ മരണസംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തില്‍ 250 പേര്‍ രോഗബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നതായും ഫറഹാനി പറഞ്ഞു. 

അതേസമയം, വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറാനിലേക്ക് സൗദി യാത്രാ വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 

കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇറാന്‍ യാത്രയ്ക്കു വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. 

വിലക്ക് ലംഘിച്ച് ഇറാന്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കെതിരേ പാസ്പോര്‍ട്ട് നിയമം അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇറാനിയന്‍ പ്രവിശ്യകളിലെ സ്‌കൂളുകളും സര്‍വകലാശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഇന്നലെ മുതല്‍ അടച്ചിട്ടു.

തുര്‍ക്കി, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍, അര്‍മേനിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ ഇറാനുമായുള്ള കരാതിര്‍ത്തി അടച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 

ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത് 2463 പേരാണ്. 78,000ത്തിലേറെപ്പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top