News Desk

2021-02-13 02:38:55 pm IST

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍. ഇവരുടെ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്മ, പേശീവേദന, കുളിരും വിറയലും എന്നിവ കൊവിഡ് ലക്ഷണങ്ങളില്‍ പെടുന്നു. 

ഇംഗ്ലണ്ടിലെ പത്തുലക്ഷത്തിലധികം പേരില്‍ ആര്‍.ഇ.എ.സി.ടി (REACT) പ്രോഗ്രാം നടത്തിയ പഠനം ഈ കണ്ടെത്തല്‍ ശരിവെയ്ക്കുന്നു. ജൂണ്‍ 2020-നും ജനുവരി 2021-നും ഇടയിലാണ് വിവര ശേഖരണം നടത്തിയത്. ചോദ്യാവലികളും സ്വാബ് ടെസ്റ്റുമാണ് രോഗം ബാധിച്ചവരുടെ വിവരങ്ങളറിയാന്‍ ഉപയോഗിച്ചത്.   

പഠനത്തില്‍ 60 ശതമാനത്തിലധികം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമായില്ല എന്നു കണ്ടു. രുചിയും ഗന്ധവും നഷ്ടപ്പെടുക, പനി തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ പോലും കൊവിഡ് പോസിറ്റീവായവരില്‍ പ്രകടമായിരുന്നില്ല. 

കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതില്‍ പ്രായവും ഒരു ഘടകമാണ്. ഉദാഹരണത്തിന് കൊവിഡ് പോസിറ്റീവായ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിറയലും കുളിരും അനുഭവപ്പെടുന്നതായി കണ്ടു. 

അതേസമയം, അഞ്ചിനും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും തലവേദന അനുഭവപ്പെട്ടിരുന്നു. 18-നും 55-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിശപ്പില്ലായ്മയും ഉണ്ടായി. പേശിവേദന മുതിര്‍ന്നവരില്‍ കൊവിഡിന്റെ ലക്ഷണം ആയിരുന്നു. കുട്ടികളില്‍ ചുമ, പനി, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടിരുന്നു. 

കൊവിഡ് ബാധിച്ചവരില്‍ മിക്കവരും പരിശോധന നടത്തുന്നില്ലെന്നും അതുകൊണ്ടുതന്നെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യുന്നില്ലെന്നും ഇതിനു കാരണം പലപ്പോഴും കൊവിഡിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതു കൊണ്ടാണ് എന്നും പഠനം നടത്തിയ ആര്‍.ഇ.എ.സി.ടി പ്രോഗ്രാമിന്റെ ഡയറക്ടര്‍ ആയ പ്രൊഫ. പോള്‍ എലിയറ്റ് പറയുന്നു. 

ഈ പഠനം രോഗം ബാധിച്ച കൂടുതല്‍ പേരെ തിരിച്ചറിയാന്‍ സഹായകമാകട്ടെ എന്നും കൂടുതല്‍ പേര്‍ ടെസ്റ്റ് ചെയ്യാന്‍ ഇത് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top