News Desk

2021-06-18 04:34:46 pm IST

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദില്‍ സബര്‍മതി നദിയില്‍ നിന്നെടുത്ത ജലത്തിന്റെ സാമ്പിളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം. കാന്‍ക്രിയ, ചന്ദോള എന്നീ നഗരങ്ങള്‍ക്ക് സമീപത്തെ തടാകങ്ങളില്‍നിന്ന് ശേഖരിച്ച ജലസാമ്പിളുകളിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി.

ഗാന്ധിനഗര്‍ ഐ.ഐ.ടി, ജവഹര്‍ലാല്‍ നെഹ്‌റു സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ജല സാമ്പിളുകള്‍ ശേഖരിച്ചത്. നദികളിലെയും തടാകങ്ങളിലെയും കൊറോണ വൈറസ് സാന്നിധ്യം അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ഐ.ഐ.ടി ഗാന്ധിനഗറിലെ പ്രഫസര്‍ മനീഷ് കുമാര്‍ പറയുന്നു.

2019 മുതല്‍ തുടര്‍ച്ചയായി ഇവിടങ്ങളില്‍നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സബര്‍മതി നദിയില്‍നിന്ന് 694 സാമ്പിളുകളും ചന്ദോളയില്‍നിന്ന് 594 എണ്ണവും കാന്‍ക്രിയ തടാകത്തില്‍നിന്ന് 402 സാമ്പിളുകളും ശേഖരിച്ചു. 

ജലത്തിലെ കൊറോണ വൈറസ് സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വെള്ളത്തില്‍ കൂടുതല്‍ കാലം വൈറസുകള്‍ക്ക് നില്‍ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ക്ലസ്റ്ററുകള്‍ തിരിച്ചറിയുന്നതിനായി മലിനജലം പരിശോധിക്കുന്ന ആദ്യ സംവിധാനം കര്‍ണാടകയിലെ ബംഗളൂരുവില്‍ നടപ്പാക്കിയിരുന്നു. നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയില്‍ തള്ളിയിരുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top