റിയാദ്: സൗദിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 226 പേര്‍ക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെ 158 കേസുകളാണ് സൗദി അഴിമതി വിരുദ്ധ അതോറിറ്റി രജിസ്റ്റര്‍ ചെയ്തത്.
പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേര്‍ന്ന് നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
കൈക്കൂലി, ഓഫിസും സ്വാധീനവും ഉപയോഗിച്ച് വഞ്ചനയും ചൂഷണവും, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍. ഇതിലൂടെ പ്രതികള്‍ 1.22 ശതകോടി റിയാല്‍ അനധികൃതമായി സമ്പാദിച്ചതായും തെളിഞ്ഞു. കേസില്‍ 48 പേരെ ചോദ്യംചെയ്തു.
ഇതില്‍ 19 പേര് പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരും മൂന്നുപേര്‍ മറ്റ് ഗവണ്മെന്റ് ജീവനക്കാരും 18 പേര് വ്യവസായികളും എട്ടുപേര്‍ സംയുക്ത സേനയുമായി കരാറുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാരുമാണ്.
ഈ കമ്പനി ജീവനക്കാരില്‍ മൂന്നുപേര്‍ വിദേശികളാണ്. ഈ 48 പേര്‍ക്കെതിരെയും കേസന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ശിക്ഷാനടപടിക്ക് വിധേയമാക്കും. അനധികൃത സമ്പാദ്യം ഗവണ്മെന്റ് ഖജനാവിലേക്ക് കണ്ടുകെട്ടും.
രാജ്യത്തെ ഒരു മുനിസിപ്പാലിറ്റിയിലെ ക്വാളിറ്റി മാനേജ്മെന്റ് ഡയറക്ടറും രണ്ട് സഹോദരങ്ങളും ചേര്‍ന്ന് 23.2 ദശലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതാണ് രണ്ടാമത്തെ കേസ്.
രാജ്യത്തെ ഒരു ഗവര്‍ണറേറ്റ് പരിധിയിലെ ധനമന്ത്രാലയം ബ്രാഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥന് കരാര്‍ സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയ കേസാണ് മറ്റൊന്ന്.
നാഷനല്‍ ഗാര്‍ഡില്‍നിന്ന് വിരമിച്ച ഒരു മേജര്‍ ജനറല്‍ തന്റെ സേവനകാലത്ത് ഒരു സ്വകാര്യ കമ്പനിക്ക് വിവിധ കരാറുകള്‍ നല്കാന് 82 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതാണ് നാലാമത്തെ കേസ്.
മറ്റൊന്ന് ഒരു ഗവര്‍ണറേറ്റിലെ ആരോഗ്യ കാര്യാലയത്തില്‍ പ്രാക്യൂര്മെന്റ് ഡയറക്ടറായ ഉദ്യോഗസ്ഥന് അതേ ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് അഫയേഴ്സ് ആര്‍ക്കൈവ്സ് വിഭാഗം ജീവനക്കാരന് 70,000 റിയാല്‍ കൈക്കൂലി നല്കിയ കേസാണ്.
ആറാമത്തെ കേസ് തൊഴില്‍ വാഗ്ദാനം ചെയ്ത് 20,000 റിയാല്‍ കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന് എതിരെയാണ്. വിരമിച്ചവരും സാമ്പത്തികവും ഭരണപരവുമായ കുറ്റകൃത്യ നിയമത്തിന്റെ പരിധിക്ക് പുറത്തല്ലെന്നും അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ