News Desk

2021-04-20 06:49:52 pm IST

ന്യൂഡല്‍ഹി: ദമ്പതികള്‍ക്ക് എയര്‍ ഇന്ത്യ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. തങ്ങളുടെ 16 മണിക്കൂര്‍ നീണ്ട വിമാനയാത്രയില്‍ എയര്‍ ഇന്ത്യ ആവശ്യമായ ഭക്ഷണവും വൈദ്യസഹായവും നല്‍കിയില്ല എന്നായിരുന്നു പ്രായമായ ദമ്പതികളുടെ പരാതി. 

ഇങ്ങനെയൊരു സംഭവം ഭയം ജനിപ്പിക്കുന്നതാണ് എന്നാണ് കേസ് പരിഗണിക്കവെ ജസ്റ്റിസ് പ്രതിഭ എം സിംഗ് പറഞ്ഞത്. ടിക്കറ്റ് തുക എയര്‍ ഇന്ത്യ തിരിച്ചു നല്‍കണമെന്നാണ് ദമ്പതികള്‍ പരാതിയില്‍ പറഞ്ഞിരുന്നത്. 

സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ ഇന്ത്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ), ജി.എം.ആര്‍ എയറോസിറ്റി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 11-ാം തീയതിയാണ് സംഭവം നടക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേയ്ക്കായിരുന്നു ദമ്പതികളായ നിവേദിത, അനില്‍ ശര്‍മ എന്നിവരുടെ യാത്ര. 

തങ്ങള്‍ക്കു ചൂടുള്ള പഴകിയ ഭക്ഷണമാണ് വിമാനത്തില്‍ നിന്നും ലഭിച്ചതെന്നും കൂട്ടത്തില്‍ പ്രമേഹ രോഗി ഉണ്ടെന്ന് ക്യാബിന്‍ ക്രൂവിനെ അറിയിച്ചതായും ദമ്പതികള്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി അനുഭവപ്പെട്ടപ്പോള്‍ സഹായാത്രക്കാരന്‍ തന്ന ജ്യൂസ് കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

മതിയായ ഭക്ഷണം, വെള്ളം, അടിയന്തര മരുന്ന് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ 400-ല്‍ കൂടുതല്‍ ആളുകളെ ദീര്‍ഘദൂര വിമാനത്തില്‍ കയറ്റാന്‍ പാടില്ലെന്ന് പരാതിയില്‍ പറയുന്നു. 

2.25 ലക്ഷം രൂപ വീതം ടിക്കറ്റ് റീഫണ്ടായും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായും ദമ്പതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാന സമയദൈര്‍ഘ്യം അനുസരിച്ച് യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും അവലോകനം ചെയ്യുന്നതിന് ഒരു സ്വതന്ത്ര സമിതി രൂപീകരിക്കാന്‍ വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എയര്‍ ഇന്ത്യ, വിമാനത്താവളം അധികൃതര്‍ എന്നിവരോട് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള മെഡിക്കല്‍ സപ്ലൈസ് ലഭ്യമാണെന്ന് ഉറപ്പുവരുത്താനും പ്രായമായവരോ രോഗികളോ ആയ യാത്രക്കാരെ കയറ്റാന്‍ വീല്‍ചെയറുകളും വണ്ടികളും നല്‍കുകയും എയര്‍ലൈനുകളുടെ സുരക്ഷാ ആവശ്യകതകളിലെ അപാകതകളെ കുറിച്ച് പരാതി നല്‍കാന്‍ പരാതി പരിഹാര സംവിധാനം ഉറപ്പാക്കണമെന്നും ദമ്പതികള്‍ അധികാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top