News Desk

2021-03-06 04:46:23 pm IST
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ നാളെ മുതല്‍ 12 മണിക്കൂര്‍ കര്‍ഫ്യു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ഫ്യു നടത്താന്‍ മന്ത്രിസഭ ഉത്തരവിട്ടത്. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. അതേസമയം, കര്‍ഫ്യു സമയത്ത് മഗ്രിബ്, ഇശാ, സുബഹി നമസ്‌കാരത്തിന് പള്ളികളിലേക്ക് കാല്‍നടയായി പോകാന്‍ മതകാര്യ മന്ത്രാലയം അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഡെലിവറി സര്‍വീസ് അനുവദിക്കും. എസികള്‍, എലിവേറ്ററുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ അനുവദിക്കുന്നതായിരിക്കും.

റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനമില്ല. കാറില്‍ ഇരുന്ന് ഓര്‍ഡര്‍ ചെയ്യാം. ഡെലിവറി സേവനവും ആകാം. ടാക്‌സികളില്‍ യാത്രക്കാരായി രണ്ട് പേര്‍ മാത്രം. പൊതുഇടങ്ങളിലെ ഇരിപ്പിട സംവിധാനങ്ങള്‍ അടച്ചിടണം. പാര്‍ക്കുകള്‍ തുറക്കരുത്.

നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കുമെന്ന് കുവൈത്ത് ബാങ്ക്‌സ് അസോസിയേഷനും അറിയിച്ചു. വാണിജ്യ, വ്യവസായ മേഖലയിലെ ബാങ്കുകളില്‍ സായാഹ്ന പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല. മന്ത്രിസഭാ തീരുമാനം പരിഗണിച്ച് ബാങ്കിലെത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയാക്കുമെന്നും അസോസിയേഷന്‍ നിര്‍ദേശിച്ചു.

അതേസമയം, അടച്ചിട്ടിരുന്ന സലൂണുകള്‍, ജിമ്മുകള്‍, ആരോഗ്യ ക്ലബ്ബുകള്‍, മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഞായറാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുന്ന തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. വൈകുന്നേരം കര്‍ഫ്യു ആരംഭിക്കുമ്പോള്‍ അവ അടച്ചിരിക്കും.

കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാവരോടും മന്ത്രിസഭ അഭ്യര്‍ഥിച്ചു. കൂട്ടംകൂടുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. രോഗപ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top