News Desk

2021-03-26 10:31:02 am IST
ദോഹ: കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് ദിവസം മുമ്പ് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. വകഭേദം വന്ന കോവിഡ് വൈറസ് മൂലമുണ്ടായ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് മുതല്‍ ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 

ഡ്രൈവിങ് സ്‌കൂളുകള്‍, ജിംനേഷ്യങ്ങള്‍, മസാജ് സെന്ററുകള്‍ തുടങ്ങിയവ അടച്ചിടും. പൊതുഗതാഗത സര്‍വീസുകളിലും കുറഞ്ഞ യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 12 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക്് മാളുകളില്‍ പ്രവേശനം ഉണ്ടാകില്ല. ഇന്‍ഡോര്‍ റെസ്‌റ്റോറുകള്‍  തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലാ ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്രമെ പ്രവേശനമുണ്ടാകൂ, ബാക്കി 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണം.

മെട്രോയിലും കര്‍വ ബസുകളിലും വാരാന്ത്യ ദിനങ്ങളില്‍ 20% യാത്രക്കാര്‍ മാത്രം, മറ്റുള്ള ദിനങ്ങളില്‍ 30% പേരെയും അനുവദിക്കും. സാമൂഹിക ഒത്തുചേരലുകളും വീടുകളും മജ്‌ലിസുകളും പോലുളള സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളും തടയും. മറ്റു സ്ഥലങ്ങളിലും അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ടാകും. ക്ലീന്‍ ഖത്തര്‍ പദ്ധതിക്ക് കീഴിലുള്ള ഹോട്ടലുകള്‍ക്കും കഫ്തീരിയകള്‍ക്കും 30 ശതമാനം ശേഷിയോടെയും പ്രവര്‍ത്തിക്കാം. ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top