News Desk

2021-03-17 04:14:54 pm IST

ദുബൈ: റമദാന്‍ മാസത്തിലെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍.സി.ഇ.എം.എ)യാണ് കൊവിഡ് നിബന്ധനകള്‍ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി തരാവീഹ് നമസ്‌ക്കാരം പള്ളികളില്‍ നടത്താമെന്ന് ചൊവ്വാഴ്ച അറിയിച്ചിരുന്നു.

പള്ളികളില്‍ കര്‍ശനമായ കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കുമെന്ന് എന്‍.സി.ഇ.എം.എ അറിയിച്ചു. പ്രാര്‍ഥനയുടെ പരമാവധി ദൈര്‍ഘ്യം 30 മിനിട്ടായി നിയന്ത്രിച്ചിരിക്കുന്നു. പ്രാര്‍ഥന കഴിഞ്ഞാലുടന്‍ തന്നെ പള്ളികള്‍ അടയ്ക്കും.

വനിതകള്‍ക്കുള്ള പ്രാര്‍ഥനാ ഹാളുകള്‍ അടച്ചിരിക്കും. പള്ളികളിലെ മതപ്രഭാഷണങ്ങളും ചര്‍ച്ചകളും ഉണ്ടാകില്ല. പകരം ഓണ്‍ലൈനിലൂടെ നടക്കും. റമദാനിലെ അവസാന 10 ദിവസങ്ങളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള പ്രത്യേക പ്രാര്‍ഥനകളെ കുറിച്ച് അധികൃതര്‍ പൊതുജനങ്ങളെ അറിയിക്കും. 

രാജ്യത്ത് ഇഫ്താര്‍ ടെന്റുകള്‍ പാടില്ല. ഉച്ചഭക്ഷണം പങ്കുവെയ്ക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി റമദാനിടയിലെ വൈകുന്നേരമുള്ള ഒത്തുചേരലുകള്‍ എല്ലാവരും ഒഴിവാക്കണമെന്നും കുടുംബ കൂട്ടായ്മകള്‍ പരിമിതപ്പെടുത്തണമെന്നും എന്‍.സി.ഇ.എം.എ നിര്‍ദേശിച്ചു.

വീടുകളിലും കുടുംബങ്ങളിലും ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും പങ്കുവെയ്ക്കുന്നതിനും വിലക്കുണ്ട്. ഒരു വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം ഭക്ഷണം പങ്കുവെയ്ക്കാം.

കുടുംബ- ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇഫ്താര്‍ ടെന്റുകള്‍ അനുവദിക്കില്ല. പൊതുയിടങ്ങളില്‍ ഭക്ഷണങ്ങള്‍ പങ്കുവെയ്ക്കാനോ വീടുകള്‍ക്കും പള്ളികള്‍ക്കും മുമ്പില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യാനോ പാടില്ല.

റെസ്റ്റോറന്റുകള്‍ക്ക് അകത്തും പുറത്തും ഇഫ്താര്‍ വിരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്. പള്ളികള്‍ക്കുള്ളിലും ഇഫ്താര്‍ വിരുന്നുകള്‍ നല്‍കില്ല. സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനായി പരിശോധനകള്‍ നടത്തും. ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top