News Desk

2021-04-06 07:09:20 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു. രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ ഗുരുതരമാണെന്നും  അതിനാല്‍ തന്നെ അടുത്ത നാല് ആഴ്ച വളരെ നിര്‍ണ്ണായകമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് രോഗവ്യാപനത്തിന്റെ ആഘാതം വര്‍ധിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിസ്സാരമായി കാണരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. അടുത്ത നാലാഴ്ച അതിനിര്‍ണായകമാണ്. എന്നാലും ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണ് രാജ്യത്തുള്ളതെന്നും മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇന്ത്യ യുഎസിനെയും ബ്രസീലിനെയും പിന്തള്ളിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ശാസ്ത്രീയമായ രീതിയിലാണ് കോവിഡ് വാക്സിനേഷന്‍ മുമ്പോട്ടു പോകുന്നതെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top