News Desk

2021-05-19 02:48:32 pm IST

റിയാദ്: ആഗസ്റ്റ് ഒന്നു മുതല്‍ സൗദിയില്‍ എവിടെ പ്രവേശിക്കണമെങ്കിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു കര്‍ശനമായ തീരുമാനത്തിലേക്ക് എത്തിയതെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.

രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ തീരുമാനം ഒരു പോലെ ബാധകമാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കക്കാനും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലും പ്രവേശിക്കാനും ആഗസ്റ്റ് ഒന്നു മുതല്‍ വാക്സിന്‍ സ്വീകരിച്ചു എന്നതിന് തെളിവ് ഹാജരാക്കണം. 

ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍, സാംസ്‌കാരിക, വിനോദ, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രവേശിക്കാനും സാംസ്‌കാരിക, കലാ, സാഹിത്യ പരിപാടികളില്‍ സംബന്ധിക്കാനും വാക്സിനേഷന്‍ നിര്‍ന്ധമാണ്.

ഇതിനു പുറമെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കണമെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കു മാത്രമേ സാധിക്കൂ. അതേസമയം, അടുത്ത സെമസ്റ്റര്‍ മുതല്‍ എല്ലാ അധ്യാപകരും സ്‌കൂള്‍ ക്ലാസ്സുകളില്‍ തിരികെയെത്തുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. 

സൗദി അറേബ്യ അംഗീകരിച്ച വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു ഗതാഗതം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവിടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിക്കണമോ, ഒരു ഡോസ് സ്വീകരിച്ചവര്‍ക്ക് പ്രവേശനമുണ്ടാവുമോ, വാക്സിന്‍ സ്വീകരിച്ച് എത്ര ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി നല്‍കുക, കുട്ടികള്‍ ഉള്‍പ്പെടെ വാക്സിന്‍ എടുക്കാന്‍ അര്‍ഹതയില്ലാത്തവരുടെ കാര്യത്തില്‍ എന്താണ് തീരുമാനം തുടങ്ങിയ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. 

ആഗസ്ത് ഒന്നു മുതല്‍ എല്ലാ വിദേശികളും സ്വദേശികളും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്. ആപ്പിലെ വാക്സിനേഷന്‍ സ്റ്റാറ്റസ് പരിശോധിച്ചായിരിക്കും ഓരോ സ്ഥലത്തും പ്രവേശനം അനുവദിക്കുക. അല്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. 

മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കൈകള്‍ അണുവിമുക്തമാക്കലും അടക്കമുള്ള എല്ലാവിധ കൊവിഡ് പ്രോട്ടോകോളുകളും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top