News Desk

2021-04-13 12:16:04 pm IST

ദോഹ: കൊവിഡിനെതിരെയുള്ള വാക്‌സിന്‍ 98.4 ശതമാനം ഫലപ്രദമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലാമണി പറഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയ തുടങ്ങിയ മാര്‍ച്ച് 28 മുതല്‍ വാക്‌സിന്‍ സ്വീകരിച്ച 98.4 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ല എന്നും അവര്‍ പറഞ്ഞു. 

ഒന്നാമത്തെയോ രണ്ടാമത്തെയോ ഡോസിന് ശേഷമാണ് 1.5 ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചതെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച 400,000 ത്തിലധികം ആളുകളെ നിരീക്ഷിച്ചതിലൂടെയാണ് ഈ വിവരങ്ങള്‍ ലഭ്യമായതെന്ന് അല്‍ മസ്ലാമണി ഖത്തര്‍ ടി.വിയോട് പറഞ്ഞു.

യു.കെ, ദക്ഷിണാഫ്രിക്ക കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ മൊഡേണ, ഫൈസര്‍-ബയോഎന്‍ടെക് വാക്സിനുകളും ഫലപ്രദമാണെന്നും എന്നാല്‍ വാക്സിനുകളുടെ ഫലപ്രാപ്തി 100 ശതമാനമല്ലെന്നും അതിനാല്‍ മുന്‍കരുതലുകള്‍ ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു. 

''ഈ വര്‍ഷം ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം 7,796 ആണ്. ഇതില്‍ 57 പേര്‍ മാത്രമാണ് വാക്‌സിനേഷന്‍ നടത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച കേസുകളുടെ എണ്ണം 1,160 ആണ്, അതില്‍ ഏഴു പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയത്.'', മുന അല്‍ മസ്ലാമണി പറഞ്ഞു.

അതേസമയം, മറ്റു ആരോഗ്യ പ്രശങ്ങള്‍ ഉള്ളതു കാരണം മരുന്നുകള്‍ കഴിക്കാന്‍ പറ്റാത്ത ആളുകള്‍ക്ക് വേണ്ടി കൊവിഡ് മുക്തര്‍ പ്ലാസ്മ ദാനം ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററില്‍ ബന്ധപ്പെട്ടാണ് പ്ലാസ്മ ദാനം ചെയ്യേണ്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top