News Desk

2021-02-23 11:30:55 pm IST
ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ വീണ്ടും അതാത് വിമാനത്താവളങ്ങളില്‍ നിന്നും കൊവിഡ് പരിശോധന നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. 

രാജ്യത്തെത്തുന്ന പ്രവാസികള്‍ കൊവിഡ് ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഇന്ത്യന്‍ വ്യോമയാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പുറമെ എയര്‍പോര്‍ട്ടില്‍ നിന്നും പരിശോധന നടത്തണമെന്ന നിര്‍ദേശമാണ് വിവാദമായിരിക്കുന്നത്. ഇക്കാര്യം അറിയാതെ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ തടയുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കുട്ടികളടക്കം ഈ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ന്യൂഡല്‍ഹി എയര്‍പോര്‍ട്ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളുവെന്നും ഇവര്‍ എയര്‍ സുവിധയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം എന്നും കേന്ദ്രം അറിയിച്ചിരുന്നു. 

നേരത്തേ ടിക്കറ്റ് എടുത്തവരടക്കം ഇന്ത്യയിലെത്തിയാല്‍ ചെയ്യേണ്ടതിനെക്കുറിച്ച് ധാരണ ഇല്ലാത്തവര്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നത്. കുടുംബമായി കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഭാരിച്ച തുകയാണ് നല്‍കേണ്ടി വരിക. ഖത്തറില്‍ നിന്നും ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രവാസികള്‍ ഈ വിഷയത്തിനെതിരെ പ്രതികരിച്ചിരുന്നു. പ്രതിഷേധത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നുണ്ട്. കൊവിഡ് നെഗറ്റിവ് പരിശോധന ഫലവുമായി വരുന്നവരെയടക്കം വീണ്ടും പരിശോധന നടത്തുന്നതും, പരിശോധന ചെലവ് പ്രവസികളില്‍ നിന്ന് തന്നെ ഈടാക്കുന്നതും പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണെന്നും ആക്ഷേപം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. 

കൊവിഡ് നെഗറ്റീവ് ആര്‍.ടി പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ വഴി സമര്‍പിച്ച എയര്‍ സുവിദ കോപ്പി, കേരള ജാഗ്രത പോര്‍ട്ടല്‍ അല്ലെങ്കില്‍ യാത്ര ചെയ്യുന്ന സംസ്ഥാനത്തിന്റെ ഓണ്‍ലൈന്‍ യാത്ര പാസ്,ഡൗണ്‍ലോഡ് ആരോഗ്യ സേതു മൊബൈല്‍ ആപ്പ്, എയര്‍പോര്‍ട്ടില്‍ വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്യാനുള്ള തുക (ഓരോ എയര്‍പോര്‍ട്ടിലും വ്യത്യസ്ത തുക) എന്നിവയാണ് ഇന്ത്യയില്‍ എത്തുന്നവര്‍ കരുതേണ്ടതെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. 

എല്ലാ പ്രായക്കാര്‍ക്കും കൊറോണ ടെസ്റ്റ് ബാധകമാണെന്നും വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും ടെസ്റ്റ് നിര്‍ബന്ധം തന്നെയാണെന്നും നിര്‍ദേശമുണ്ടായിരുന്നു. കണ്ണൂര്‍- 1700, തിരുവനന്തപുരം- 1200, കൊച്ചി- 1700, കോഴിക്കോട്- 1350, തിരുച്ചിറപ്പള്ളി-1200 എന്നിങ്ങനെയാണ് അതാത് എയര്‍പോര്‍ട്ടുകളില് ഈടാക്കുന്ന കൊവിഡ് പരിശോധനയുടെ ചാര്‍ജ്. അതേസമയം, ജാഗ്രതയുടെ ഭാഗമായാണ് പരിശോധനയെന്നും, കരിപ്പൂരില്‍ പുതിയ പരിശോധനയില്‍ 29 കൊവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയെന്നും മലപ്പുറം ഡി.എം.ഒ മാധ്യമങ്ങളോടു പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top