Article Desk

Sandra Acharya

2021-10-04 05:14:26 pm IST
മാസങ്ങളായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തില്‍ കൂടുതല്‍ വ്യക്തത  വന്നത്.കൊവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൊവിഡ് ബാധിച്ചുണ്ടാകുന്ന മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കുന്നതു വരെയുള്ള മരണങ്ങള്‍ക്ക് ധനസഹായം ബാധകമാണ്. ഇതു സംബന്ധിച്ച പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളും സുപ്രീംകോടതി പുറത്തിറക്കി.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹരജി വന്നിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നാലു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ കഴിയില്ലെന്നും ഒരു കുടുംബത്തിന് അന്‍പതിനായിരം രൂപ വീതം സഹായം നല്‍കാമെന്നും സത്യവാങ് രൂപത്തിലാണ് കേന്ദ്രം അറിയിച്ചത്. ഇത് സുപ്രീം കോടതി അംഗീകരിക്കുകയും തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി 7,274 കോടി രൂപ സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രം കൈമാറുകയും ചെയ്തു.

കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപേക്ഷ നല്‍കി മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നത്. കൂടാതെ കൊവിഡ് ബാധിച്ച് മരിച്ചരുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരമായി നല്‍കേണ്ട 50,000 രൂപ സംസ്ഥാനങ്ങള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും വകയിരുത്താനും നിര്‍ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് നടപടി. 

കാല്‍ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ച സംസ്ഥാനമാണ് നമ്മുടെ കേരളം. കൊവിഡ് ബാധിച്ച് സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരേ നിലയില്‍ നഷ്ടപരിഹാരം നല്‍കാനാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചാവും ധനസഹായം നല്‍കുക. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പുതിയ പട്ടിക തയ്യാറാക്കിയായിരിക്കും ധനസഹായം ലഭ്യമാക്കുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശത്തും മരിച്ചവരെയടക്കം പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. 

ഇനി കൊവിഡ് ധനസഹായത്തിനുള്ള അപേക്ഷ എങ്ങനെ നല്‍കാമെന്ന് പരിശോധിക്കാം,

നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ആശ്രിതര്‍ക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. ഇതിനായി ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് ഐ.ടി. വിഭാഗം പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കും. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുകയാണ് ചെയ്യുക. അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പോര്‍ട്ടല്‍ പൂര്‍ത്തിയായാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. നഷ്ടപരിഹാരം അവകാശപ്പെടുന്നവരുടെ അര്‍ഹത വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച് അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ക്കു നല്‍കും. കൂടാതെ പരാതിപരിഹാരത്തിനും പ്രത്യേക സംവിധാനമുണ്ടാവും. 

കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് നോര്‍ക്ക വഴി ധനസഹായം ലഭ്യമാക്കുന്നുണ്ട്. പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കാണ് ഈ  ധനസഹായം ലഭിക്കുന്നത്. ഒറ്റത്തവണയായി 25000 രൂപയാണ് നല്‍കുന്നത്. കൊവിഡ് മൂലം മരിച്ച മുന്‍പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകുന്നതാണ്. ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകര്‍ത്താവിന്റെയോ ആക്ടീവായ സേവിംങ്‌സ് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഇതു കൂടാതെ കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ കൊവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റോ കൊവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ടോ കൂടി ഹാജരാക്കേണ്ടതാണ്. 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുക. വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. നോര്‍ക്കാ റൂട്ട്‌സിന്റെ വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനിലാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ Norkaroots.org യില്‍ ലഭ്യമാണ്.

കൊവിഡ് ബാധിച്ച ഒരു വ്യക്തി ആത്മഹത്യ ചെയ്താല്‍ ആ മരണവും കൊവിഡ് മരണമായി കണക്കാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ ആത്മഹത്യ ചെയ്ത കൊവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കും. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണപ്പെട്ടവരുടെ കുടുംബത്തിനാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്.

ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top