News Desk

2021-03-06 10:25:55 am IST
അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് യാത്രക്കാരുടെ എണ്ണത്തില്‍ 76 ശതമാനം കുറവ് വന്നതായി റിപ്പോര്‍ട്ട്.
  
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം 42 ലക്ഷം പേര്‍ മാത്രമാണ് ഇത്തിഹാദ് വഴി യാത്ര ചെയ്തത്. 2019ല്‍ യാത്രക്കാരുടെ എണ്ണം 175 ലക്ഷമായിരുന്നു. 

നിയന്ത്രണങ്ങളും വിലക്കുകളും വ്യോമയാന മേഖലയെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2019ല്‍ 480 ലക്ഷം ഡോളറായിരുന്നു ഇത്തിഹാദ് എയര്‍വേസിന്റെ വരുമാനം.

എന്നാല്‍ 2020ല്‍ ഇത് 120 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. ഇത്തിഹാദ് എയര്‍വേയ്‌സ് പുറത്തിറക്കിയ സാമ്പത്തിക പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പോയവര്‍ഷം ഷെഡ്യൂള്‍ ചെയ്ത സേവനങ്ങളും ആളുകളുടെ എണ്ണവും വളരെ കുറവായിരുന്നു. അത്സമയം, ചരക്ക് കടത്തു മേഖലയില്‍ 66 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 

2019ല്‍ ചരക്ക് ഗതാഗത വരുമാനം 70 കോടി ഡോളറായിരുന്നത് 2020ല്‍ 120 കോടി ഡോളറായി ഉയര്‍ന്നു. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യം ഗണ്യമായി വര്‍ധിച്ചതാണ് ചരക്കു ഗതാഗതത്തിന് തുണയായത്.

ഇതിലൂടെ പ്രതികൂല സാഹചര്യത്തിലും പിടിച്ചു നില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 183 പ്രത്യേക വിമാന സര്‍വീസുകളാണ് കൊവിഡ് കാലത്ത് നടത്തിയത്. 129 രാജ്യങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാധന സാമഗ്രികളും എത്തിക്കാനും ഇത്തിഹാദിനായി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top