News Desk

2021-03-02 04:27:13 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹര്യത്തില്‍ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് കൂടുമെന്ന ആശങ്കയില്‍ രക്ഷിതാക്കള്‍. ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

ഇതിനെ തുടര്‍ന്നാണ് ഫീസ് വര്‍ധിക്കുമെന്ന ആശങ്കയുണ്ടായിരിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഫീസ് വര്‍ധനക്കുള്ള നീക്കം അന്യായമാണെന്നുമാണ് രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫീസ് വര്‍ധനക്കായി ഫെബ്രുവരിയില്‍ അപേക്ഷ നല്‍കിയതായി സ്വകാര്യ സ്‌കൂള്‍ അധികൃതരും പറയുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ പുതിയ ഫീസ് വര്‍ധന വരുന്നത് നിരവധി രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയാകുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഉയര്‍ന്ന നിലയിലാണെന്നും ഇതു കണക്കിലെടുത്താതെയാണ് വിദ്യാഭ്യാസ മന്ത്രാലയം ഫീസ് വര്‍ധിപ്പിക്കുന്നതിന് സ്വകാര്യ സ്‌കൂളുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്നും ഖത്തര്‍ പൗരനായ ഖലീഫ അല്‍ റുമൈഹി 'ദി പെനിന്‍സുല' പത്രത്തോട് പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ ഫീസ് വര്‍ധിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ച തീരുമാനം പുനപരിശോധിക്കാന്‍ മന്ത്രാലയം മുന്നോട്ട് വരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

അധ്യാപകരുടെ ജീവിത സാഹചര്യം ഉയര്‍ത്തണം. അവര്‍ക്ക് കൃത്യമായ വേതനം ഉറപ്പുവരുത്തുകയും വേണം. ഈ സാഹചര്യത്തില്‍ മന്ത്രാലയം സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ഇരുകൂട്ടരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കും വിധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാകണമെന്നുമാണ് രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും പറയുന്നത്. 

കടുത്ത പ്രതിസന്ധികളിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. ഇത് എല്ലാവരുടെയും സാമ്പത്തിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ നിലയില്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധന വലിയ തിരിച്ചടിയായിരിക്കുമെന്നാണ് ഇബ്രാഹിം അല്‍ റുമൈഹി എന്ന രക്ഷിതാവ് പറയുന്നത്.

സാഹചര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാകുന്നത് വരെയെങ്കിലും ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം നിര്‍ത്തിവെക്കാനും അപേക്ഷകള്‍ തിരസ്‌കരിക്കാനും മന്ത്രാലയം തയാറാകണമെന്നുമാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. 

രക്ഷിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ മന്ത്രാലയം മുഖവിലക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം വ്യാപാരമേഖല ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെട്ട സാഹചര്യത്തിലാണുള്ളത്. തൊഴിലാളികളെ വെട്ടിക്കുറച്ചും വേതനം കുറച്ചും കമ്പനികള്‍ നിലനില്‍പ്പിനായി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം അന്യായമാണെന്ന് മറ്റൊരു രക്ഷിതാവായ അബു ഹമദും പറഞ്ഞു.

അതേസമയം, സ്‌കൂളുകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഫീസ് വര്‍ധിപ്പിച്ചേ മതിയാകൂവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ പ്രതികരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top