News Desk

2021-03-09 04:35:09 pm IST
റിയാദ്: സൗദിയിലെ ഹജ്ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇളവുകള്‍ അനുവദിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്കുള്ള ലെവി അടയ്ക്കാന്‍ ആറുമാസത്തെ ഇളവ് നല്‍കി. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള രാജാവിന്റെ താല്‍പ്പര്യപ്രകാരമാണ് ഈ തീരുമാനം.

മക്ക, മദീന നഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ അനുവദിക്കുന്ന മുന്‍സിപ്പല്‍ വാണിജ്യ പ്രവര്‍ത്തന ലൈസന്‍സുകളുടെ വാര്‍ഷിക ഫീസ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി നല്‍കി. രണ്ട് നഗരങ്ങളിലെയും താമസ സൗകര്യങ്ങള്‍ക്കായി ടൂറിസം മന്ത്രാലയ ലൈസന്‍സ് പുതുക്കാനുള്ള ഫീസ് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ താമസരേഖ പുതുക്കാനുള്ള ഫീസ് ആറുമാസത്തേക്ക് ഒഴിവാക്കി. എന്നാല്‍, ഇത് ഒരു വര്‍ഷത്തിനുള്ളില്‍ തവണകളായി അടയ്ക്കണം.

തീര്‍ത്ഥാടകരുടെ യാത്രകള്‍ക്കായി സ്ഥാപനങ്ങള്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് ഫീസ് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. ഈ വര്‍ഷത്തെ ഹജ്ജിനായി ഒരുക്കുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് നീട്ടിവെക്കും. നിശ്ചിത തീയതി മുതല്‍ നാല് മാസത്തെ കാലയളവില്‍ തവണകളായി ഇത് അടച്ചുതീര്‍ത്താല്‍ മതി. കൊവിഡ് പശ്ചാത്തലത്തില്‍ ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top