News Desk

2021-04-28 11:15:55 pm IST
ജനീവ: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദമായ ബിവണ്‍ 617 അഥവാ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം 17 രാജ്യങ്ങളിലെങ്കിലും കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കൊവിഡിന്റെ ഈ വകഭേദമാണ് ഇന്ത്യയില്‍ വലിയ തോതിലുള്ള വ്യാപനത്തിന് കാരണമായതെന്നും ലോകാരോഗ്യ സംഘടനയുടെ വാരാന്ത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആദ്യ തരംഗത്തേക്കാള്‍ വേഗത്തിലാണ് ഇന്ത്യയില്‍ രണ്ടാം തരംഗമുണ്ടായതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ബി വണ്‍ 617ന് മറ്റു വകഭേദങ്ങളേക്കാള്‍ കൂടിയ വ്യാപനശേഷിയുണ്ട്. ഇന്ത്യയില്‍ വ്യാപിക്കുന്ന മറ്റു വകഭേദങ്ങള്‍ക്കും വ്യാപനശേഷി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ നടന്ന വലിയ സമ്മേളനങ്ങളും മത-സാംസ്‌കാരിക ചടങ്ങുകളും വ്യാപനത്തെ എങ്ങനെ കൂട്ടിയെന്നതു സംബന്ധിച്ച് പഠനം വേണ്ടതുണ്ട്.   

രോഗം ഏറ്റവുമധികം വ്യാപിച്ച മഹാരാഷ്ട്രയില്‍ ജീനോം സീക്വന്‍സ് നടത്തിയതിന്റെ 50 ശതമാനത്തിലും പുതിയ വകഭേദമാണ് കണ്ടെത്തിയത്. ബി വണ്‍ 617 വകഭേദത്തിന് പല ഉപ വകഭേദങ്ങളും ഉണ്ടായിട്ടുണ്ട്. ബി വണ്‍ 617.1, ബി വണ്‍ 617.2, ബി വണ്‍ 617.3 എന്നിവ ബി വണ്‍ 617നെ അപേക്ഷിച്ച് ചെറിയ വ്യത്യാസങ്ങളുണ്ട്. 

ഉപ വകഭേദങ്ങള്‍ രണ്ടെണ്ണം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. വൈറസിലെ സ്‌പൈക് പ്രോട്ടീനിന്റെ ജനിതകമാറ്റത്തിന് അനുസരിച്ച് ബി വണ്‍ 617ന്  മൂന്നു പുതിയ വകഭേദങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആഗോളതലത്തില്‍ തുടര്‍ച്ചയായ ഒമ്പതാമത്തെ ആഴ്ചയും കൊവിഡ് കേസുകള്‍ മുന്നോട്ടു കുതിക്കുകയാണെന്നും ഇത് മുന്‍ തരംഗത്തെ മറികടക്കുന്ന വ്യാപനമാണ് കാണിക്കുന്നതെന്നും പറഞ്ഞു. ഈ കാലയളവില്‍ ലോകത്തെ കൊവിഡ് കേസുകളുടെ 38 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന കണക്കും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top