News Desk

2021-02-12 11:48:46 am IST
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയത് 8,33,550 പ്രവാസികള്‍. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മടങ്ങിയെത്തിയതില്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 7,18,420 പേരാണ്. ബാക്കി 1,15,130 പേര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. നോര്‍ക്കയുടെ കണക്കാണ് ഇത്. 

കൊവിഡിനെത്തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്ന 25,02,334 പേരിലാണ് തൊഴില്‍രഹിതരായ ഇത്രയുമാളുകള്‍. വൈകാതെ ഇവരുടെയെണ്ണം പത്തുലക്ഷം കവിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാസില്ലാതെയും മറ്റും എത്തുന്നവരുടെ കൃത്യമായ കണക്ക് ഇപ്പോള്‍ കിട്ടുന്നില്ല. അതുകൊണ്ടുതന്നെ തൊഴില്‍രഹിതരുടെ എണ്ണം നിലവിലുളള കണക്കിലും കവിയും. നാട്ടിലെത്താന്‍ കാത്തിരിക്കുന്നവര്‍ ഒട്ടേറെ വേറെയുമുണ്ട്.

അതേസമയം, തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയവരെ സഹായിക്കാനായി നോര്‍ക്ക വായ്പ്പാ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി നോര്‍ക്ക വഴി 30 ലക്ഷം രൂപ വരെ അടിയന്തിര വായ്പ്പകള്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ലഭിക്കും. 

കുറഞ്ഞത് രണ്ടുവര്‍ഷം വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി കേരളത്തില്‍ നില്‍ക്കാനായി തിരിച്ചെത്തിയവര്‍ക്കും ഇങ്ങനെയുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി എന്നിവയ്ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.norkaroots.org എന്ന നോര്‍ക്കയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top