News Desk

2021-05-20 10:02:29 am IST

ന്യൂഡല്‍ഹി: വീട്ടിലിരുന്നുകൊണ്ട് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐ.സി.എം.ആര്‍) ന്റെ അംഗീകാരം. റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് അംഗീകാരം നല്‍കിയത്. 

പരിശോധനാ കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തുവന്നു. കിറ്റുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പരിശോധനാരീതി മനസ്സിലാക്കുന്നതിന് മൊബൈല്‍ ആപ്പും പുറത്തിറക്കും. 

രോഗലക്ഷണം ഉള്ളവരോ ലബോറട്ടറിയിലെ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരോ മാത്രം കിറ്റ് ഉപയോഗിക്കണമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നു.

ടെസ്റ്റ് വിവരങ്ങള്‍ ഐ.സി.എം.ആര്‍ സെര്‍വറില്‍ സൂക്ഷിക്കുമെന്നും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുപോവില്ലെന്നും അവര്‍ വ്യക്തമാക്കി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. 

പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല. ക്വാറന്റൈനിലേക്ക് മാറണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ഐ.സി.എം.ആര്‍ പറയുന്നു.

പുണെ ആസ്ഥാനമായ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോവിസെല്‍ഫ്ടിഎം എന്ന കിറ്റ് തയ്യാറാക്കിയത്. വീട്ടില്‍ ഇരുന്നും കൊവിഡ് ടെസ്റ്റ് ചെയ്യാമെന്ന തീരുമാനം നടപ്പാവുന്നതോടെ ലാബുകളിലെ തിരക്ക് കുറയുമെന്നാണ് കണക്കുകൂട്ടല്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top