News Desk

2021-04-21 03:42:45 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

ഇന്ത്യയില്‍ നിലവില്‍ കൊവിഡിന്റെ അതിമാരകമായ രണ്ടാം തരംഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ യാത്രാവിലക്കുകളിലേക്ക് കടക്കുന്നത്.

കഴിഞ്ഞ ദിവസം ബ്രിട്ടണും അമേരിക്കയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ പാകിസ്ഥാന്‍, ന്യൂസിലാന്റ്, ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈഡ് സുഗ തന്റെ യാത്ര ഏപ്രില്‍ അവസാനത്തില്‍ മാറ്റിവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്കു പോലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

അതിനാല്‍ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഹോങ്കോംഗ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ ഈ മൂന്നു രാജ്യങ്ങളും റെഡ് സോണിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top