News Desk

2021-06-07 10:36:58 am IST

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ എടുത്തവരിലും കൊവിഡ് മുക്തരായവരിലും വീണ്ടും കൊവിഡ് വൈറസ് പിടിപെടാന്‍ കാരണം ഡെല്‍റ്റ വകഭേദമെന്ന് (ബി.1.617.2) പഠനം. തീവ്രവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമാണിത്. 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവിടങ്ങളില്‍ നടത്തിയ വൈറസിന്റെ ജനിതകഘടനാ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ച സാംപിളുകളില്‍ 95 ശതമാനത്തിനു മുകളിലും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാംപിളുകളില്‍ 93 ശതമാനവും ഡെല്‍റ്റ വകഭേദമാണ്.

വാക്‌സിന്‍ വഴിയും രോഗപ്രതിരോധം വഴിയും ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളെ ഡെല്‍റ്റ വൈറസ് മറികടക്കുന്നുവെന്നു വ്യക്തമായതോടെ മൂന്നാം തരംഗത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 

കേരളത്തില്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവര്‍ക്കു വീണ്ടും കൊവിഡ് ബാധയുണ്ടാകുന്നുണ്ടോ എന്നും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഡെല്‍റ്റയ്ക്കു വീണ്ടും ജനിതകമാറ്റം സംഭവിക്കുന്നുണ്ടോ എന്നു തിരിച്ചറിയാനാണിത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള സാംപിളുകളിലാണ് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിന് രോഗലക്ഷണങ്ങളും തീവ്രതയും കുറവാണ്. ഭൂരിഭാഗം പേര്‍ക്കും തീവ്രപരിചരണം വേണ്ടി വരുന്നില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top