News Desk

2021-04-25 11:51:17 am IST
ദോഹ: ഖത്തറിലേക്ക് പോകാന്‍ ഇന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഇന്ത്യയിലെ സര്‍ക്കാര്‍ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഖത്തറിലേയ്ക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു. പുതിയ പ്രോട്ടോക്കോള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായി. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഇന്നു മുതല്‍ ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂ.

അതേസമയം, ഖത്തര്‍ അംഗീകാരം നല്‍കിയിട്ടുള്ള വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരാണെങ്കില്‍ ഖത്തറിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. വാക്സിന്‍ സ്വീകരിച്ചതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ അംഗീകൃത മറ്റ് വാക്സിനുകള്‍. ഇതില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്റെ ഒറ്റ ഡോസ് സ്വീകരിച്ചാല്‍ മതിയാകും. മറ്റ് വാക്്‌സിനുകളുടെ രണ്ടു ഡോസും സ്വീകരിക്കണം. 

ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ അംഗീകാരം നല്‍കിയിട്ടുള്ളതിനാല്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയ ശേഷം ഖത്തറിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇളവ് ലഭിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top