News Desk

2021-02-05 11:39:31 am IST
കുവൈത്ത്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഖത്തര്‍, കുവൈത്ത്, സൗദി, അബുദാബി, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലരും അതിര്‍ത്തികള്‍ അടക്കുകയും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

ഖത്തറില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിവാഹങ്ങള്‍ നടത്താന്‍ പാടില്ല. എങ്കിലും വീടുകളിലെയും മജ്ലിസുകളിലെയും വിവാഹച്ചടങ്ങുകള്‍ക്കു നിയന്ത്രണങ്ങളോടെ ഇളവുണ്ട്. കളിസ്ഥലങ്ങള്‍ അടച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശിച്ചു. 50% ശേഷിയില്‍ തന്നെ ക്ലാസ്മുറി-ഓണ്‍ലൈന്‍ മിശ്രപഠന സംവിധാനം തുടരും. 

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ രണ്ടാഴ്ച പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍, വന്ദേഭാരത് വിമാന സര്‍വീസുകളെ നിരോധനം ബാധിക്കില്ല. വന്ദേഭാരത് വിമാനത്തില്‍ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുവൈത്തിലെത്താം. കുവൈത്തില്‍ നിന്നുള്ള ആര്‍ക്കും ഈ വിമാനങ്ങളില്‍ തിരിച്ചുവരികയുമാവാം. കച്ചവടസ്ഥാപനങ്ങള്‍ രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെ അടച്ചിടും. സലൂണുകളും ഹെല്‍ത്ത് ക്ലബ്ബുകളും പ്രവര്‍ത്തിക്കില്ല.

ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പ്രവേശന വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ വിനോദപരിപാടികള്‍ 10 ദിവസത്തേക്കും വിവാഹ പാര്‍ട്ടികളും കോര്‍പറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി. തിയറ്ററുകള്‍, ഷോപ്പിങ് സെന്ററുകളിലും റസ്റ്ററന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവയും 10 ദിവസം തുറക്കില്ല.

യു.എ.ഇയില്‍ പബ്ബുകളും ബാറുകളും അടച്ചു. ഗ്ലോബല്‍ വില്ലേജിലെയടക്കം വിനോദപരിപാടികള്‍ നിര്‍ത്തിവച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി. യു.എ.ഇയിലേക്കു വരുന്നവര്‍ 72 മണിക്കൂറിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് ഫലം കാണിക്കണം. ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എ സൈറ്റിലും മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ ഐ.സി.എ സൈറ്റിലും റജിസ്റ്റര്‍ ചെയ്യണം. തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്കു പ്രവേശിക്കണമെങ്കില്‍ കടുത്ത നിബന്ധനകളുണ്ട്.

ഒമാനും തിങ്കളാഴ്ച വൈകിട്ട് ആറ് വരെ കര അതിര്‍ത്തികള്‍ അടച്ചു. കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവ വിലക്കി. ലോക്ഡൗണ്‍ പരിഗണനയില്‍ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാലേ വിമാനത്താവളം അടച്ചിടൂ.

കൊവിഡിന്റെ രണ്ടാം വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ബഹ്‌റൈനിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. റസ്റ്ററന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. അധ്യയനം ഓണ്‍ലൈനാക്കി.

ഇന്ത്യയിലും യു.എ.ഇയിലും കുടുങ്ങിയ സൗദി വിസക്കാര്‍ക്ക് ഒമാന്‍, ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പോകാവുന്നതാണ്. സന്ദര്‍ശകവിസയില്‍ ഒമാനിലും ബഹ്‌റൈനിലും എത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര. പക്ഷെ ചെലവു കൂടും. 

വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്ന ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ ബഹ്‌റൈന്‍ വഴി സൗദിയിലെത്താനാകൂ. ഒമാന്‍ വഴി എല്ലാവര്‍ക്കും യാത്രയാകാം. ഇതുവരെ യു.എ.ഇ വഴിയാണു പലരും ഇങ്ങനെ പോയിരുന്നത്. എന്നാല്‍, യു.എ.ഇ യാത്രക്കാര്‍ക്കും വിലക്കു വന്നതോടെയാണു ട്രാവല്‍ ഏജന്‍സികള്‍ ബദല്‍ സംവിധാനവുമായി എത്തിയത്. 

വിലക്കുള്ള രാജ്യക്കാര്‍ അതു ബാധകമല്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം പി.സി.ആര്‍ ടെസ്റ്റ് നടത്തി കൊവിഡില്ലെന്ന് തെളിയിച്ചാല്‍ സൗദിയില്‍ പ്രവേശനം ലഭിക്കുമെന്നാണ് വ്യവസ്ഥ. ഖത്തറില്‍ സന്ദര്‍ശക വിസ ലഭ്യമല്ലാത്തതിനാല്‍ അതുവഴി പോകാനാകില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCHTop