News Desk

2021-06-01 01:28:02 pm IST

ഭുവനേശ്വര്‍: ഒഡീഷയിലെ കൊവിഡ് ആശുപത്രിയിലെ ദാരുണ ദൃശ്യങ്ങള്‍ പുറത്ത്. ഗോത്ര മേഖലയായ മയൂര്‍ഗഞ്ച് ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. കൊവിഡ് ബാധിതരായവര്‍ ടോയ്‌ലറ്റിന് സമീപവും വാഷ് ബേസിന് സമീപവും നിലത്ത് കിടക്കുന്നത് കാണാം. കൂടാതെ ഒരു രോഗി നഗ്‌നനായി തറയില്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

മെയ് 23-ന് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ പരിചാരകനായിരുന്നയാള്‍ ചിത്രീകരിച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിഭുദത്ത ദാഷാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മെയ് 22-ന് അദ്ദേഹത്തിന്റെ ബന്ധുവിനെ ബാരിപാഡയിലെ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

'അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ബന്‍ങ്കിസോള്‍ ആശുപത്രിയിലേക്ക് മാറ്റി. മെയ് 23-ന് ഉച്ചയോടെ അദ്ദേഹത്തിന്റെ മരണവിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിഡിയോയില്‍ തന്റെ ബന്ധു കട്ടിലില്‍ ഇരിക്കുന്നത് കാണാം. അതില്‍ കിടക്കയോ തലയിണയോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ടവ്വല്‍ മാത്രമാണ് ധരിച്ചിരുന്നത്.'
 
'ചിലര്‍ ടോയ്‌ലറ്റിന് മുമ്പില്‍ നിലത്ത് കിടക്കുന്നത് കാണാം. അവിടെയിവിടെയായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇരിക്കുന്നതും കാണാം. പക്ഷേ അവിടെയാരും അവ കൈകാര്യം ചെയ്യാനില്ലായിരുന്നു. രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ കൊവിഡ് രോഗികളുടെ ചികിത്സക്കായി വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ ഇത്രയും തുക ആര്‍ക്കുവേണ്ടിയാണോ എവിടേക്കാണോ പോകുന്നത്.', അദ്ദേഹം പറയുന്നു.

വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചതോടെ ബി.ജെ.പി എം.എല്‍.എ പ്രകാശ് സോറന്‍ ആശുപത്രി അധികൃതര്‍ക്കെതിരെ രംഗത്തെത്തി. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സി.സി.ടി.വി സ്ഥാപിക്കുമെന്ന് മയൂര്‍ബഞ്ച് ജില്ല കലക്ടര്‍ അറിയിച്ചു.

ബിഹാറില്‍ കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ 830-ല്‍ അധികം പേരാണ് സംസ്ഥാനത്ത് മരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top