News Desk

2021-03-10 10:36:06 am IST
അബുദാബി: കൊവിഡ് പശ്ചാത്തലത്തിലെ വിമാന യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ വരുന്നു ട്രാവല്‍ പാസ്. വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. ഇന്റര്‍നാഷ്‌നല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനാണ് (അയാട്ട) ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

മാസാവസാനം പദ്ധതി ഉദ്ഘാടനം ചെയ്യും. നിലവിലുള്ള ബോര്‍ഡിങ് പാസിന് പകരമുള്ള ഡിജിറ്റല്‍ രേഖയായ ട്രാവല്‍ പാസില്‍ കൊവിഡ് വാക്‌സിന്‍, പരിശോധനാഫലം എന്നിവയുടെ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഈ പാസ് ഉള്ളവര്‍ക്ക് യാത്ര എളുപ്പമാകും. യാത്രാ നടപടികളും ഡിജിറ്റലാകും. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് പ്രിന്റ് ചെയ്ത ട്രാവല്‍ പാസ് നല്‍കാനും പദ്ധതിയുണ്ട്.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ അധികൃതരുമായി ചര്‍ച്ച നടത്തിയതായും യാത്രക്കാര്‍ ട്രാവല്‍ പാസ് കരുതണമെന്ന നിര്‍ദേശം വൈകാതെ വിവിധ എയര്‍ലൈനുകള്‍ വഴി നല്‍കുമെന്നും അയാട്ട റീജനല്‍ ഡയറക്ടര്‍ (എയര്‍പോര്‍ട്ട് ആന്‍ഡ് എക്‌സ്റ്റേണല്‍ റിലേഷന്‍സ് ഏഷ്യാ പസിഫിക്) വിനൂപ് ഗോയല്‍ പറഞ്ഞു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര ഉള്‍പ്പെടെ ആഗോള തലത്തില്‍ 290 എയര്‍ലൈനുകള്‍ അയാട്ടയില്‍ അംഗങ്ങളാണ്. അയാട്ട ട്രാവല്‍ പാസ് എന്ന മൊബൈല്‍ ആപ്പിലൂടെയാകും ഡിജിറ്റല്‍ പാസ് ലഭിക്കുക.

വിവിധ രാജ്യങ്ങളിലെ കൊവിഡ് വ്യാപനമനുസരിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. പ്രാദേശിക നിയമങ്ങള്‍ അംഗീകരിച്ച് രാജ്യാന്തര യാത്രാ സംവിധാനമാണ് ട്രാവല്‍ പാസിലൂടെ ഒരുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. എമിറേറ്റ്‌സ് എയര്‍ലൈന്‍, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍ തുടങ്ങി ഗള്‍ഫ് മേഖലയിലെ വിവിധ എയര്‍ലൈനുകള്‍ പരീക്ഷണാര്‍ഥം  ട്രാവല്‍ പാസ് ഉപയോഗിക്കുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top