News Desk

2021-05-11 10:49:21 pm IST

പട്‌ന: ബിഹാറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ പരിചരിച്ച് കൊണ്ടിരുന്ന യുവതിയ്ക്ക് നേരെ ലൈംഗികാക്രമണം. സ്വകാര്യ ആശുപത്രിയില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വിഡിയോയിലൂടെ യുവതി പറയുന്നു. 

യുവതിയുടെ ഭരത്താവ് മരിക്കുകയും ചെയ്തു. ചികിത്സയിലുണ്ടായ അനാസ്ഥയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നും ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിറ്റതായും യുവതി ആരോപിക്കുന്നു.

നോയിഡയില്‍ നിന്ന് മാര്‍ച്ചില്‍ ബിഹാറില്‍ ഹോളി ആഘോഷിക്കാനായി എത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. അസുഖബാധിതനായതിനെ തുടര്‍ന്ന് ഏപ്രില്‍ 11-ന് യുവതിയുടെ ഭര്‍ത്താവ് കൊവിഡ് പരിശോധന നടത്തിയെങ്കിലും രണ്ടുതവണയും നെഗറ്റീവായിരുന്നു ഫലം. 

നോയിഡയിലെത്തി ഡോക്ടറുടെ നിര്‍ദേശ പ്രകാരം സി.ടി സ്‌കാന്‍ എടുത്തതോടെയാണ് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി കണ്ടെത്തിയത്. തൊട്ടുപിന്നാലെ യുവാവിനെയും മാതാവിനെയും ഭഗല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയില്‍ കഴിയവെ ആശുപത്രി ജീവനക്കാര്‍ മരുന്ന് നല്‍കാന്‍ വിസമ്മതിച്ചതായി യുവതി ആരോപിച്ചു. ദാഹിച്ച് അപേക്ഷിച്ചിട്ടു പോലും ജീവനക്കാര്‍ വെള്ളം നല്‍കിയില്ല. സഹായത്തിനായി സമീപിച്ച ഒരു അറ്റന്‍ഡറാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാതാവിനെയും ഭര്‍ത്താവിനെയും എന്തെങ്കിലും ചെയ്ത് കളയുമെന്ന ഭയത്താല്‍ മിണ്ടാതിരുന്നതായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

മായാഗഞ്ചിലേക്ക് ചികിത്സ മാറ്റിയ ശേഷം ഭര്‍ത്താവിന്റെ നില കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. എന്നാല്‍ ഭഗല്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ ഭര്‍ത്താവിനെ ചികിത്സിക്കാനോ ഓക്‌സിജന്‍ നല്‍കാനോ തയ്യാറായില്ലെന്ന് അവര്‍ പറഞ്ഞു.

പിന്നീട് മായഗഞ്ചില്‍ നിന്നും യുവാവിനെ പട്‌നയിലെ രാജേശ്വര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ആലോചിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ അതിന് സാധിച്ചില്ല.

പട്‌നയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കരിഞ്ചന്തയില്‍ നിന്ന് ഓക്‌സിജന്‍ വാങ്ങാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവിന് ഓക്‌സിജാന്‍ നിഷേധിച്ചു. ഒരു സിലിണ്ടറിന് അരലക്ഷം രൂപ വിലയിലാണ് ആശുപത്രിക്കാര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ആശുപത്രികളുടെ അനാസ്ഥയെ തുടര്‍ന്നാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്ന് യുവതി പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top