News Desk

2021-02-13 03:03:29 pm IST
അബുദാബി: കൊവിഡ് നിയമ ലംഘകരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി അബുദാബി പൊലീസ്. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, കൊവിഡ് നിയമം ലംഘിച്ച് മരുഭൂമിയില്‍ കൂട്ടം കൂടുന്നവരെയും കണ്ടെത്താന്‍ അധികൃതര്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച് മരുഭൂമിയില്‍ ഒത്തുചേര്‍ന്ന 1688 പേര്‍ക്കു 5000 ദിര്‍ഹം വീതം പിഴ ചുമത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനുമതിയില്ലാതെ പരിധിയിലധികം ആളുകള്‍ ഒത്തുചേര്‍ന്ന 47 നിയമ ലംഘനങ്ങളിലായാണ് ഇത്രയും പേര്‍ കുടുങ്ങിയത്.

മരുഭൂമി, ഫാം, പാര്‍ക്ക്, ബീച്ച് തുടങ്ങി പൊതു സ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും പരിധിയിലധികം പേര്‍ കൂട്ടംകൂടിയാലും നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.

കൂട്ടംകൂടാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് 10,000 ദിര്‍ഹവും (രണ്ടു ലക്ഷം രൂപ) പങ്കെടുത്തവര്‍ക്കു 5000 (ഒരു ലക്ഷം രൂപ) ദിര്‍ഹം വീതവുമാണ് പിഴയിട്ടത്. ഈ വര്‍ഷം ഇതുവരെ 3,157 കൊവിഡ് നിയമംലഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാസ്‌ക് ധരിക്കാതിരിക്കുക, സ്ഥാപനത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുക, അകലം പാലിക്കാതിരിക്കുക, കാറില്‍ പരിധിയിലധികം പേര്‍ സഞ്ചരിക്കുക, കൂടുതല്‍ പേര്‍ ഒത്തുചേരുക എന്നിവയാണ് പ്രധാന നിയമ ലംഘനങ്ങള്‍.

കൊവിഡ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അല്‍ ദാഹിരി പറഞ്ഞു. 

കൊവിഡ് വരവോടെ ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍ക്കു പകരം പ്രകൃതിയുടെ സൗന്ദര്യം തേടി തുറസ്സായ സ്ഥലങ്ങളിലേക്കു പോകുന്നവരുടെ എണ്ണം കൂടി. കാലാവസ്ഥയും അനുകൂലമായതോടെ ബീച്ചിലും മരുഭൂമിയിലും മലയോരങ്ങളിലും തിരക്കേറി. 

ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സാഹസിക വിനോദങ്ങള്‍ പരിധി വിടരുതെന്നും മുന്നറിയിപ്പുണ്ട്. രോഗ ലക്ഷണങ്ങളോ മറ്റു പകര്‍ച്ചവ്യാധികളോ ഉള്ളവര്‍ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. 

കുതിര, ഒട്ടക സവാരികള്‍ നടത്തുന്നവരും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണം. ഓരോ യാത്രയ്ക്കു ശേഷവും ഇരിപ്പിടങ്ങളും കടിഞ്ഞാണും അണുമുക്തമാക്കണം. ക്വാഡ് ബൈക്കുകളുടെ ഇരിപ്പിടങ്ങള്‍, ഹാന്‍ഡില്‍, സാന്‍ഡ് സ്‌കീ ഉപകരണങ്ങള്‍ എന്നിവയ്ക്കും ഇതു ബാധകം.

മരുഭൂമിയിലേയ്ക്ക് വിനോദങ്ങള്‍ക്കായി പോകുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍:

* കൂടാരം അനുവദനീയ മേഖലകളില്‍ മാത്രം മതി

* കൂടാരത്തില്‍ പ്രവേശനം ബന്ധുക്കള്‍ക്കു മാത്രം.

* മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.

* ഫസ്റ്റ് എയിഡ് കിറ്റുകള്‍ കരുതണം.

* ടെന്റുകള്‍ക്കു സമീപം തീ കൂട്ടരുത്.

* തീകായുമ്പോള്‍ അതീവ ശ്രദ്ധവേണം

* തിരിച്ചു പോരുന്നതിനു മുന്‍പ് തീ കെടുത്തിയെന്ന് ഉറപ്പാക്കണം.

* മാലിന്യങ്ങള്‍ മരുഭൂമിയില്‍ ഉപേക്ഷിക്കരുത്.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800 2626 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ, അല്ലെങ്കില്‍ 2828 എന്ന നമ്പറില്‍ എസ്.എം.എസ് അയക്കുകയോ ചെയ്യുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top