News Desk

2021-04-13 05:43:15 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്. 

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. 

ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയേറ്റര്‍ ഉള്‍പ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. 

കൊവിഡ് വ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് 144-ാം വകുപ്പ് പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരവും ഉണ്ടായിരിക്കും. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവില്‍ സപ്ലൈസ്, മില്‍മ, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവ ചേര്‍ന്ന് ഹോം ഡെലിവറി സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ഇവയ്ക്ക് സംയുക്തമായ ഒരു മൊബൈല്‍ ആപ് വേണം. ഇ-സജ്ജീവനി ടെലിമെഡിസിന്‍ നെറ്റ്വര്‍ക്കിലേക്ക് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ കൊണ്ടുവരും. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനാണിത്.

പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളില്‍ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേര്‍ മാത്രം. ഇതില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കണമെങ്കില്‍ കൊവിഡ് പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആഘോഷങ്ങള്‍, കലാകായിക മേളകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്. 

പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്. പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം. 

സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം. 

മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം.


കൂടുതല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top