News Desk

2021-03-11 12:46:47 am IST
ദോഹ: രാജ്യത്തെ പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നത് വരെ പ്രതിരോധ നടപടികള്‍ തുടരുമെന്ന് ഖത്തര്‍ ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍. 

കൊവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ വേഗം വാക്‌സിനേഷന്‍ നടപ്പാക്കുന്നത് ഖത്തറിലെ ജനതയ്ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഖത്തറില്‍ അടുത്ത കുറച്ച് ആഴ്ചകളിലോ മാസങ്ങളിലോ ഉള്ളില്‍ പ്രതീക്ഷാവഹമായ ഒരു മാറ്റവും ഉണ്ടാവില്ലെന്നും അല്‍ഖാല്‍ വ്യക്തമാക്കി.

കൊവിഡ് പകര്‍ച്ചവ്യാധി ഈ വര്‍ഷവും എല്ലാവരുടെയും ആരോഗ്യത്തിന് ഭീഷണിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ നിലവില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 2021 ജനുവരിയില്‍ ഉണ്ടായിരുന്നതിന്റെ നാലിരട്ടിയാണെന്നും അല്‍ ഖാല്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായാല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അല്‍ഖാല്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top