News Desk

2021-04-06 06:40:57 pm IST


മനില: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ രാത്രി കര്‍ഫ്യൂ ലംഘിച്ചതിന് ഏത്തമിടീച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഡാറന്‍ മനഗോഗ് പെനാറെഡോണ്‍ഡോ എന്ന 28-കാരനാണ് മരിച്ചത്. 300 ഏത്തമാണ് യുവാവിന് ശിക്ഷാ നടപടിയായി ഇടേണ്ടിവന്നത്. ഫിലിപ്പൈന്‍സിലാണ് സംഭവം. 

ആറുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നാണ് കര്‍ഫ്യൂവില്‍ പറയുന്നത്. ആറുമണിക്ക് ശേഷം വെള്ളം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. 100 ഏത്തമിടാനായിരുന്നു പൊലീസിന്റെ ശിക്ഷ. തെറ്റുന്ന ഓരോ ഏത്തത്തിനും വീണ്ടും ഏത്തമിടേണ്ടിവന്നു. ഇങ്ങനെ ഏതാണ്ട് 300 ഓളം ഏത്തം ഇട്ടതിനെ തുടര്‍ന്ന് അവശനായ യുവാവിനെ പൊലീസ് വിട്ടയച്ചുവെങ്കിലും രണ്ടാം ദിവസം മരിക്കുകയായിരുന്നു. 

വീട്ടിലെത്തിയ ഡാറന്‍ അവശനായിരുന്നുവെന്ന് ഭാര്യ റേച്ചലിന്‍ പറഞ്ഞു. കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. ശ്വാസം മുട്ടലുണ്ടായി. തുടര്‍ന്നാണ് കുഴഞ്ഞു വീഴുന്നത്. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ഭാര്യ പറഞ്ഞു. 

കര്‍ഫ്യൂ ലംഘിച്ചതിന് ഡാറന്‍ പിടിയിലായെങ്കിലും ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി നഗരസഭാ മേയര്‍ അറിയിച്ചു. നിയമം ലംഘിച്ചതിന് ശിക്ഷയായി ഏത്തമിടാന്‍ പറയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകരെ ഉപദേശിച്ചു നന്നാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ലഫ്. കേണല്‍ മാര്‍ലോ സെലേറോ പറഞ്ഞു. പൊലീസുകാര്‍ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top