2021-02-10 12:58:56 pm IST
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഖത്തര്‍, കുവൈത്ത്, സൗദി, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലരും അതിര്‍ത്തികള്‍ അടക്കുകയും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പ്രവേശന വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ വിനോദപരിപാടികള്‍, വിവാഹ ആഘോഷങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി. വിനോദപരിപാടികള്‍ക്ക് 10 ദിവസത്തേക്കും വിവാഹ പാര്‍ട്ടികള്‍ക്കും കോര്‍പറേറ്റ് മീറ്റിങ്ങുകള്‍ക്കും ഒരു മാസത്തേക്കും വിലക്കുണ്ട്.  തിയറ്ററുകള്‍, ഷോപ്പിംഗ് സെന്ററുകളിലും റസ്റ്റോറന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവയും 10 ദിവസം തുറക്കില്ല.

കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ മസ്ജിദുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുല്ലത്തീഫ് ആലുഷെയ്ഖ് അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായും ഉന്നത പണ്ഡിതസഭയുമായും ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക. സ്വദേശികളും വിദേശികളും കൊവിഡ് മാനദണ്ഡം പാലിക്കാത്തതിനാല്‍ കേസുകള്‍ കൂടിവരുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ നടപ്പാക്കണോ എന്നത് പ്രതിരോധ മുന്‍കരുതല്‍ നടപടികളോട് പൊതുജനങ്ങള്‍ക്കുള്ള സമീപനമനുസരിച്ചിരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ആവശ്യം നേരിടുന്ന പക്ഷം അത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ, യു.എ.ഇ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്. ഇന്ത്യ, യു.എ.ഇ, തുര്‍ക്കി, അര്‍ജന്റീന, ജര്‍മനി, ഈജിപ്ത്, ലെബനന്‍, ജപ്പാന്‍, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ലെന്ന് അഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പൗരന്മാരല്ലാത്തവര്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് നേരത്തേ പ്രവേശനാനുമതി ഇല്ലാത്തതിനാല്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമാണ് സൗദിയിലേയ്ക്ക് പോയിരുന്നത്. ഇനി ഈ മാര്‍ഗം സൗദിയിലേയ്ക്ക് എത്താന്‍ കഴിയില്ല. നിലവില്‍ യു.എ.ഇയില്‍ എത്തിയ ഇന്ത്യക്കാര്‍ യാത്ര പുനരാരംഭിക്കുന്നത് വരെ അവിടെ തന്നെ തങ്ങേണ്ടതായി വരും. 14 ദിവസത്തിനുള്ളില്‍ പട്ടികയിലുള്ള രാജ്യങ്ങളിലൂടെ കടന്നു പോയവര്‍ക്കും സൗദിയിലേക്ക് കടക്കാനാകില്ല.

അതേസമയം, ഇന്ത്യയിലും യു.എ.ഇയിലും കുടുങ്ങിയ സൗദി വിസക്കാര്‍ക്ക് ഒമാന്‍, ബഹ്റൈന്‍ വഴി സൗദിയിലേക്ക് പോകാവുന്നതാണ്. സന്ദര്‍ശക വിസയില്‍ ഒമാനിലും ബഹ്റൈനിലും എത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര. പക്ഷെ ചെലവു കൂടും. വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്ന ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ ബഹ്റൈന്‍ വഴി സൗദിയിലെത്താനാകൂ. ഒമാന്‍ വഴി എല്ലാവര്‍ക്കും യാത്രയാകാം. ഇതുവരെ യു.എ.ഇ വഴിയാണു പലരും ഇങ്ങനെ പോയിരുന്നത്. എന്നാല്‍, യു.എ.ഇ യാത്രക്കാര്‍ക്കും വിലക്കു വന്നതോടെയാണു ട്രാവല്‍ ഏജന്‍സികള്‍ ബദല്‍ സംവിധാനവുമായി എത്തിയത്. വിലക്കുള്ള രാജ്യക്കാര്‍ അതു ബാധകമല്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം പി.സി.ആര്‍ ടെസ്റ്റ് നടത്തി കൊവിഡില്ലെന്ന് തെളിയിച്ചാല്‍ സൗദിയില്‍ പ്രവേശനം ലഭിക്കുമെന്നാണ് വ്യവസ്ഥ. ഖത്തറില്‍ സന്ദര്‍ശക വിസ ലഭ്യമല്ലാത്തതിനാല്‍ അതുവഴിയും പോകാനാകില്ല.

ഇതിനിടെ യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ തിരികെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാല്‍, നാട്ടില്‍ നിന്ന് വരുന്നവരും യാത്ര മാറ്റിവെക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. എത്തേണ്ട രാജ്യത്തിന്റെ യാത്രാ നിബന്ധനകള്‍ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാന്‍. വരുന്നവര്‍ കൂടുതല്‍ പണം കൈയില്‍ കരുതുകയും വേണം. 

വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം ഒന്‍പത് ഇന നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതു പ്രകാരം 
അടുത്ത 30 ദിവസത്തേയ്ക്ക് എല്ലാവിധ സംഗമങ്ങളും പൊതുപരിപാടികളും നിര്‍ത്തിവയ്ക്കും. വിനോദ പരിപാടികളും പ്രവര്‍ത്തങ്ങളും 20 ല്‍ കൂടുതല്‍ ആളുകള്‍ കൂടുന്ന സംഗമങ്ങളും അടുത്ത 10 ദിവസത്തിനുള്ളില്‍ നടത്തരുത്. വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ വിനോദ കേന്ദ്രങ്ങള്‍, കളിയിടം. ജിം, ഭക്ഷണശാല, ഹാളുകള്‍ എന്നിവ അടുത്ത 10 ദിവസത്തേക്ക് അടച്ചിടും. റസ്റ്ററന്റുകളിലും കഫെകളിലും അടുത്ത 10 ദിവസത്തേയ്ക്ക് ഇരുന്ന് കഴിക്കല്‍ ഒഴിവാക്കുക, ഓര്‍ഡറുകള്‍ മാത്രം സ്വീകരിക്കുക   ആഭ്യന്തര, വാണിജ്യ, മാനവ വിഭവശേഷി, സാമൂഹിക വികസനം, ടൂറിസം, മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന നിര്‍മാണം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്നും  ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി, തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും അപ്പപ്പോള്‍ വരുന്ന പ്രോട്ടോക്കോള്‍ -മുന്‍കരുതലുകല്‍ നിര്‍ദേശങ്ങള്‍ പാലിക്കുക. മഖ്ബറകളില്‍ പൂര്‍ണമായും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ നിര്‍ദേശങ്ങള്‍ അനുസരിച്ചും മാത്രം മൃതദദേഹം സംസ്‌കരിക്കുക, തിരക്കും കൂടിക്കലരലും ഒഴിവാക്കുന്നതിന് മുനിസിപ്പല്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് മൃതദേഹം മറവ് ചെയ്യുന്നത് 24 മണിക്കൂറും ഉപയോഗപ്പെടുത്തുക. റസ്റ്ററന്റുകളിലെയും കഫെകളിലെയും പരിശോധനക്കെത്തുന്ന അധികൃതര്‍ക്ക് നിയമ ലംഘനങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടി  നിര്‍ബന്ധമായും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുക; ക്യാമറയുണ്ടെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുക. നിയമലംഘനം പിടിക്കപ്പെട്ടാല്‍ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂര്‍ സ്ഥാപനം അടച്ചിടുമെന്ന് മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു. ഇത് ഒരു തവണ ആവര്‍ത്തിച്ചാല്‍ 48 മണിക്കൂര്‍ ആയും രണ്ടു തവണ പിടിക്കപ്പെട്ടാല്‍ ഒരാഴ്ചയായും ദീര്‍ഘിപ്പിക്കും.  മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ രണ്ടാഴ്ചത്തേക്കും നാലോ അതില്‍ കൂടുതലോ ലംഘനം ഉണ്ടായാല്‍ ഒരു മാസത്തേക്കും സ്ഥാപനം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രാജ്യത്ത് നിരന്തര നിരീക്ഷണം നടക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഏതാനും ആഴ്ചകളായി വര്‍ധിച്ച കേസുകളുടെ 80 ശതമാനവും വിവാഹങ്ങള്‍, പൊതുജന സമ്പര്‍ക്കം, കുടുംബസംഗമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍ എടുക്കാതെ പൊതു റെസ്റ്റോറന്റുകളില്‍ വരുന്നത് തുടങ്ങിയവയൊക്കെയാണ്. സര്‍ക്കാരും ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ള അധികാരികളും നിശ്ചയിച്ച ചട്ടങ്ങളും മുന്‍കരുതല്‍ നടപടികളും അവഗണിക്കുന്നതാണ് കേസുകളുടെ വര്‍ധനവിന് ഇടയാക്കുന്നത്. അതിനാല്‍ പൊതുജനങ്ങളുടെ ജാഗ്രതയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്യാവശ്യം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top