News Desk

2021-05-20 03:00:45 pm IST
ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാംതരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് ചെറുപ്പക്കാരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ചെറുപ്പക്കാര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. കൊവിഡ് രണ്ടാം തരംഗത്തില്‍ യുവാക്കളിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിക്കുന്നതായി കണ്ടു വരുന്നതെന്ന് എയിംസ് മാധാവി രണ്‍ദീപ് ഗുലേറിയ പറയുന്നു. 

ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം മുതിര്‍ന്നവരെക്കാളും കൂടുതല്‍ ചെറുപ്പക്കാരിലാണ് അതിവേഗം വ്യാപിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. 21 മുതല്‍ 30 വയസ് വരെയുള്ളവരിലാണ് ഏറ്റവും കൂടുതലും കൊവിഡ് ബാധിച്ചിട്ടുള്ളത് എന്നാണ് ചണ്ഡീഗഡ്ഡില്‍ ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 20 വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

2020 ലെ ആദ്യ തരംഗത്തില്‍ 30 വയസ്സിന് താഴെയുള്ള 31 ശതമാനം ആളുകളില്‍ മാത്രമായിരുന്നു രോഗം ബാധിച്ചിരുന്നത്. എന്നാല്‍ 2021 ല്‍ ഇത് 32 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ യുവാക്കളിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിക്കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് ഡോ. ബല്‍റാം ഭാര്‍ഗവ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

ചെറുപ്പക്കാര്‍ കുറച്ചുകൂടി മറ്റുള്ളവരുമായി ഇടപഴകുന്നതായി കാണുന്നുണ്ട്. കാരണം അവര്‍  പുറത്തുപോയി തിരികെ വരുമ്പോള്‍ രോഗ ബാധിതരാകാന്‍ സാധ്യത കൂടുതലാണ്. കൊവിഡിന്റെ പുതിയ വകഭേദം അവരെ പെട്ടെന്ന് ബാധിച്ചേക്കാം. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ബല്‍റാം ഇക്കാര്യം പറഞ്ഞത്. 

അതേസമയം, ചെറുപ്പക്കാരില്‍ കൊവിഡ് ബാധിക്കുന്നുണ്ടെങ്കിലും മിക്കവരിലും ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ ചിലരില്‍ ശ്വാസതടസ്സം അനുഭവപ്പെടുകയും ഓക്‌സിജന്റെ അളവ് അതിവേഗം കുറയുന്നതും കണ്ട് വരുന്നതായി കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ  ഡോ. മഹേഷ്‌കുമാര്‍ എം. ലഖെ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top