News Desk

2021-04-20 04:10:32 pm IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനമുണ്ടായത്. 

ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാണ് പരിശോധന നടത്തുക. വൈറസിനുണ്ടായ ജനിതകമാറ്റത്തെ കുറിച്ച് പഠിക്കാന്‍ ജീനോം പഠനം നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ എല്ലാ ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു. 

നിലവില്‍ ജില്ലയിലെ ആശുപത്രികളുടെയും ഐ.സി.യുകളുടേയും അവസ്ഥ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് നാളെയും മറ്റന്നാളും കൂട്ട പരിശോധന നടത്താന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. 

നിലവില്‍ 15 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും യോഗത്തില്‍ ധാരണയായി. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്സിന്‍ എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ. ചരക്ക്-പൊതുഗതാഗതം എന്നിവയെ ബാധിക്കാത്ത വിധത്തിലായിരിക്കും നിയന്ത്രണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top