News Desk

2021-04-16 03:22:05 pm IST
സൂറത്ത്: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ കൂട്ടശവദാഹം നടക്കുന്നതായി റിപ്പോര്‍ട്ട്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയില്‍ അഞ്ചു പേരെ വരെയാണ് ഒന്നിച്ച് ദഹിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സൂറത്തില്‍ ഇത്തരം ശവദാഹങ്ങള്‍ സാധാരണമായി എന്നാണ് പത്രം പറയുന്നത്. മൃതദേഹങ്ങള്‍ കാത്തുകിടക്കുന്നതു മൂലമാണ് കൂട്ടദഹനം നടത്താന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹയരാണ് എന്നും അധികൃതര്‍ പറയുന്നു. 

അതേസമയം, സൂറത്ത് പാലിലെ കൈലാശ് മോക്ഷ്ധാം ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കൂട്ടമായി ദഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചെറിയ വാനുകളില്‍ പോലും മൂന്നു വീതം മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് എത്തുന്നത്. വലിയ ചിതയ്ക്കരികിലായാണ് വാനുകള്‍ നിര്‍ത്തുന്നത്. കൈലാശ് മോക്ഷ്ധാമില്‍ മാത്രം മൂന്ന് കൂറ്റന്‍ ചിതകള്‍ എല്ലാ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. 

ശ്മശാനത്തിലേക്ക് നിലവില്‍ സ്വകാര്യവ്യക്തികള്‍ക്ക് പ്രവേശനമില്ല. ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ അനുവാദവുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ സര്‍ക്കാര്‍ മരണവിവരം പുറത്തുവിടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. 

സൂറത്ത്, വഡോദര, അഹമ്മദാബാദ്, രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ പുറത്തുവിട്ട വിവരപ്രകാരം ദിനം പ്രതി ശരാശരി 25 മരണങ്ങളാണ് അവരവരുടെ കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ നടക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top