News Desk

2021-06-11 05:44:20 pm IST

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 18 വയസിനു താഴെയുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണം. 

കൊവിഡ് പ്രതിരോധത്തില്‍ സുപ്രധാനമായ സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കുകയാണ് ആദ്യത്തെ സുരക്ഷിത മാര്‍ഗം. കൂടാതെ, ഭക്ഷണം, കളിപ്പാട്ടങ്ങള്‍ മുതലായവ പങ്കുവെക്കരുത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ബന്ധുവീട് സന്ദര്‍ശനം, ആശുപത്രി സന്ദര്‍ശനം എന്നിവയ്ക്ക് കുഞ്ഞുങ്ങളെ ഒപ്പം കൂട്ടരുത്.

പനി, മണമില്ലായ്മ, ക്ഷീണം എന്നിവ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകണം. പലചരക്ക് കടകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളെ അയക്കരുത്. വീടുകളില്‍ നടത്തുന്ന ട്യൂഷനും മറ്റും ഒഴിവാക്കുക. വീട്ടിലെ മുഴുവന്‍ അംഗങ്ങളും വാക്‌സിന്‍ സ്വീകരിക്കുക.

വീട്ടില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരോ, കൊവിഡ് പോസിറ്റീവായവരോ, ഐ.എല്‍.ഐ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഉണ്ടെങ്കില്‍ കുട്ടികള്‍ അവരുമായി സമ്പര്‍ക്കം പാടില്ല. മറ്റു കുട്ടികളുമായി കളിക്കുന്നതും ഇടപഴകുന്നതും ഒഴിവാക്കുക. മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യുകയോ ചുംബനം നല്‍കുകയോ ചെയ്യരുത്. പൊതു ചടങ്ങുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്.

രണ്ടാം തരംഗത്തില്‍ മുതിര്‍ന്നവര്‍ക്കുണ്ടായ അത്ര തന്നെ തീവ്രതയില്‍ കൊവിഡ് കുട്ടികളെ പിടികൂടാന്‍ സാധ്യതയുണ്ട്. ഹൃദ്രോഗം, ശ്വാസകോശരോഗം, ടൈപ്പ് 1 പ്രമേഹം, കിഡ്‌നി രോഗം, അമിതവണ്ണം പോലുള്ള സഹരോഗാവസ്ഥകളുള്ള കുട്ടികളില്‍ കൊവിഡ് മൂന്നാം തരംഗം മാരകമായേക്കാമെന്നും കരുതപ്പെടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top