News Desk

2021-05-25 11:05:49 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് മുതല്‍ 45 വയസുവരെ പ്രായമുള്ള വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍  വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെ കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇത് കൂടാതെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്‌സഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവെരയാണ് വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് നേരത്തെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നിരുന്നാലും കൂടുതല്‍ വിഭാഗങ്ങളെ കൂടി മുന്‍ഗണാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top