News Desk

2021-04-24 06:41:39 pm IST

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നയാള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ഡോ.വിശാഖ. ഇതുസംബന്ധിച്ച് ഒരു പുസ്തകവും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള മഹാമാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊവിഡിന് ചില പ്രത്യേകതകളുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷവും രോഗം വരുന്നുണ്ട് എന്നതാണ് അതില്‍ പ്രധാനം. അതുകൊണ്ടുതന്നെ വാക്‌സിന്‍ ഫലപ്രദമാക്കാന്‍ നമ്മുടെ ജീവിതചര്യകള്‍ ക്രമീകരിക്കേണ്ടതുണ്ടെന്നാണ് ഡോ.വിശാഖ തന്റെ പുസ്തകത്തില്‍ പറയുന്നത്.


1. ഉറക്കം

വാക്‌സിനേഷന്‍ എടുക്കുന്നതിന് മുമ്പുള്ള ഒരാഴ്ച്ച ഉറക്കത്തിന്റെ കാര്യത്തില്‍ നാം നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് വാക്‌സിനേഷനെ കൂടുതല്‍ ഫലപ്രദമാക്കും.


2. പ്രോബയോട്ടിക് ഭക്ഷണം കഴിക്കാം

ഒരാളുടെ പ്രതിരോധത്തിന്റെ 75 ശതമാനവും ആശ്രയിക്കുന്നത് ഭക്ഷണത്തെയാണ്. ഇതില്‍ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. വെണ്ണ, ചീസ്, യോഗേട്ട് തൈര്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയൊക്കെ പ്രോബയോട്ടിക് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ വാക്‌സിനേഷനുമുമ്പ് കൂടുതലായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.

3. അമിത സമ്മര്‍ദം ഒഴിവാക്കണം

വിട്ടുമാറാത്ത സമ്മര്‍ദ്ദം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. കടുത്തതോ വിട്ടുമാറാത്തതോ ആയ സമ്മര്‍ദ്ദം വാക്‌സിനോടുള്ള പ്രതികരണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ഡോ. വിശാഖ പറയുന്നു. വാക്‌സിനേഷനുമുമ്പ് ശാന്തമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. എയറോബിക്‌സ് എക്‌സര്‍സൈസുകള്‍ ആണ് നല്ലത്. നടത്തവും ശ്വസന നിയന്ത്രണവും കൂടുതല്‍ ഫലപ്രദമാണ്.


4.പുകവലി ഒഴിവാക്കാം

വാക്‌സിനേഷനുമുമ്പ് പുകവലി പൂര്‍ണമായും ഒഴിവാക്കണം. കാരണം ഇത് നിരവധി വാക്‌സിനുകളിലേക്കുള്ള ആന്റിബോഡി പ്രതികരണം കുറയ്ക്കും. നിക്കോട്ടിന്‍ അഡിക്ക്ഷന്‍ ഒഴിവാക്കുന്ന മിഠായികളോ മരുന്നുകളോ തല്‍ക്കാലത്തേക്ക് ഉപയോഗിക്കുന്നതും നല്ലതാണ്.

5. മദ്യപിക്കരുത്

മദ്യം ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാണ്. വാക്‌സിനേഷന്‍ എടുക്കുന്നതിന് 3-4 ദിവസം മുമ്പ് മദ്യം കഴിക്കുന്നത് നിര്‍ത്തുന്നത് നല്ലതാണ്. ശരീരത്തിലെ മദ്യത്തിന്റെ അളവ് വാക്‌സിനോടുള്ള പ്രതികരണത്തെ ദുര്‍ബലപ്പെടുത്തും. കുത്തിവയ്ക്കുന്നതിന് മൂന്ന് ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുക. 


6.സിങ്ക് ഭക്ഷണങ്ങള്‍ ശീലമാക്കുക

ആന്റിബോഡി പ്രതികരണം വര്‍ദ്ധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വാക്‌സിനേഷന് രണ്ടാഴ്ച മുമ്പെങ്കിലും ഭക്ഷണത്തില്‍ സിങ്ക് ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക. മാട്ടിറച്ചി, കരള്‍, മുളപ്പിച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബദാം, കൂണ്‍ എന്നിവയെല്ലാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്. ശരീരത്തിലെ സിങ്കിന്റെ അപര്യാപ്തത ദഹനത്തിനും ആരോഗ്യത്തിനും ദോഷകരമാണ്. 

7. പ്രോട്ടീന്‍ വര്‍ധിപ്പിക്കുക

കൊവിഡ് വാക്‌സിനേഷനുമുമ്പ് പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടത് നിര്‍ണായകമാണ്. ഇത് ഉറപ്പാക്കാന്‍ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. മുട്ടയും മാംസാഹാരവുമാണ് പ്രധാന പ്രോട്ടീന്‍ ഭക്ഷണം. കൂടാതെ കോളിഫ്‌ലവര്‍, ഗ്രീന്‍പീസ്, കാബേജ്, കൂണ്‍, സോയാബീന്‍ തുടങ്ങിയവയിലെല്ലാം പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top