News Desk

2021-04-22 10:28:37 pm IST
പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയിട്ടും കൂടുതല്‍ അപകടകരമായ വകഭേദങ്ങളുമായി കൊവിഡ് -19 മാരകമായി വ്യാപിക്കുകയാണ്. ഇതിനിടെ ആശങ്കപ്പെടുത്തുന്ന പുതിയ രോഗലക്ഷണങ്ങളും പുറത്തുവരികയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പുതിയ രോഗ ലക്ഷണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

വരണ്ട വായയും വരണ്ട നാക്കും കൊവിഡ് ലക്ഷണങ്ങള്‍ ആകാമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെറോസ്റ്റോമിയ എന്നാണ് വായ വരണ്ടു പോകുന്ന അവസ്ഥ അറിയപ്പെടുന്നത്. ഇത് കൊവിഡ് ലക്ഷണമായി കണക്കാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

പനി, തൊണ്ടവേദന പോലുള്ള മറ്റു ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ സെറോസ്റ്റോമിയ കൊവിഡ് രോഗികളില്‍ കാണപ്പെടാം. ശരീരത്തിന് ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കാനാകാതെ വരുമ്പോഴാണ് വായ വരളുന്നത്. ഇത് വായില്‍ ബാക്ടീരിയ പോലുള്ള അണുക്കള്‍ തങ്ങിനില്‍ക്കാന്‍ ഇടയാക്കും. 

വായ്ക്കുള്ളിലെ പാളികളെയും മസില്‍ ഫൈബറുകളെയും വൈറസ് ആക്രമിക്കുമ്പോഴാണ് സെറോസ്റ്റോമിയ സംഭവിക്കുന്നതെന്ന് മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഡോ. സാമ്രാട്ട് ഷാ പറയുന്നു.

ചില മരുന്നുകള്‍, ടൈപ്പ് 1 പ്രമേഹം, ഹൈപ്പര്‍തൈറോയ്ഡിസം, ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, കിഡ്‌നി രോഗം, വൈറ്റമിന്‍ അഭാവം, മറ്റ് അണുബാധകള്‍ തുടങ്ങിയവയും വരണ്ട വായ്ക്ക് കാരണമാകാം. എന്നാല്‍ അടുത്തിടെ മാത്രമാണ് കോവിഡ് സംബന്ധമായി  ഈ ലക്ഷണം ഗവേഷകരുടെ ശ്രദ്ധയില്‍പെട്ടത്. 

കൊറോണ വൈറസിനെ കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ സഹായിക്കുന്ന ACE2 റിസപ്റ്ററുകള്‍ വായിലെ കോശങ്ങളിലും ധാരാളമായുണ്ട്. ഇതിനാല്‍ വൈറസ്സിന് വായിലൂടെയും ശരീരത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കും.

വരണ്ട വായ പോലെ തന്നെ മറ്റൊരു കൊവിഡ് ലക്ഷണമാണ് വരണ്ട നാക്ക്. 'കൊവിഡ് ടങ്ങ്' എന്ന് കൂടി ഈ ലക്ഷണം അറിയപ്പെടുന്നു. ഇതിന്റെ ഭാഗമായി നാക്ക് വിണ്ടു കീറുകയും അതിന് വെള്ളനിറമാകുകയും ചെയ്യുന്നു. 

ഈ രണ്ടു ലക്ഷണങ്ങളും വരുന്ന രോഗികള്‍ക്ക് ഭക്ഷണം ചവയ്ക്കാനും സംസാരിക്കാനും ബുദ്ധിമുട്ടായിരിക്കും. അതേസമയം, മറ്റു ലക്ഷണങ്ങളെക്കാള്‍ മുന്‍പ് വരണ്ട വായും നാവും പ്രത്യക്ഷപ്പെടുന്നതിനാല്‍ കൊവിഡ് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും രോഗിയുടെ ഐസൊലേഷനും ഇത് സഹായകമാകും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top