News Desk

2021-04-15 09:55:06 pm IST
ജനീവ: ആഗോള തലത്തില്‍ കൊവിഡ് വ്യാപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് പിടിപെട്ടത് അമേരിക്കയിലാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 

കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്തിയിട്ടും രോഗ വ്യാപനത്തെ പൂര്‍ണമായി പിടിച്ചുകെട്ടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ആഗോള തലത്തില്‍ 780 മില്യണിലധികം ഡോസ് വാക്സിന്‍ നല്‍കിയെങ്കിലും ലോകം വൈറസിനെ അതിജീവിച്ചു തുടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗെബ്രിയേസസ് പറഞ്ഞു. 

എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനൊപ്പം ചില പ്രതിരോധ നടപടികള്‍ കര്‍ശനമായി പിന്തുടര്‍ന്നാല്‍ മാസങ്ങള്‍ക്കകം തന്നെ കൊവിഡിനെ വരുതിയിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

വാക്സിനേഷനൊപ്പം മാസ്‌ക്, സാമൂഹിക അകലം, ഐസൊലേഷന്‍, ക്വാറന്റൈന്‍ പോലുള്ള പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്താതെയിരിക്കുകയാണ് പോം വഴിയെന്ന് അദ്ദേഹം പറഞ്ഞു.

2021ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ പല രാജ്യങ്ങളിലും കൊവിഡ് കേസുകളും മരണങ്ങളും കുറഞ്ഞ് വന്നിരുന്നു. ഇതാണ് വൈറസിനെയും അതിന്റെ വകഭേദങ്ങളെയും തടഞ്ഞ് നിര്‍ത്താനാകുമെന്ന ആത്മവിശ്വാസം ലോകാരോഗ്യ സംഘടന അടക്കമുള്ള ആരോഗ്യ ഏജന്‍സികള്‍ക്ക് നല്‍കുന്നത്. 

കൊവിഡിനെ തടുക്കാന്‍ വാക്സിന്‍ ശക്തമായ ഉപാധിയാണെങ്കിലും അത് മാത്രം മതിയാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സാമൂഹിക അകലവും മാസ്‌കും കൈകളുടെ ശുചിത്വവുമൊക്കെ നിര്‍ബന്ധമാണ്. 

മുറികളില്‍ വായു കയറി ഇറങ്ങുമെന്നതും ഉറപ്പാക്കണം. കര്‍ശനമായ നിരീക്ഷണം, പരിശോധന, സമ്പര്‍ക്കാന്വേഷണം, ഐസൊലേഷന്‍, ക്വാറന്റൈന്‍, തുടര്‍ ചികിത്സ തുടങ്ങിയവ അതാത് ഇടങ്ങളിലെ ആരോഗ്യ വകുപ്പ് കാര്യക്ഷമമായി നടപ്പാക്കണമെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു. ഈ നടപടികളെല്ലാം വൈറസ് വ്യാപനം കുറയ്ക്കുകയും മരണ സാധ്യത കുറയ്ക്കുകയും ചെയ്യും. 

യുവാക്കള്‍ പോലും കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. അതിനാല്‍ കൊവിഡ് മഹാമാരിയെ സാധാരണ പകര്‍ച്ചപ്പനിയായി എടുക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഡ്രോസ് മുന്നറിയിപ്പു നല്‍കുന്നു.

കൊവിഡാനന്തര ദീര്‍ഘകാല ആരോഗ്യാവസ്ഥകളെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. അതിനാല്‍ തങ്ങള്‍ക്ക് കൊവിഡ് ബാധിക്കില്ലെന്നും ബാധിച്ചാലും പ്രശ്നമില്ലെന്നുമുള്ള മനോഭാവം യുവാക്കള്‍ പുലര്‍ത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top