News Desk

2021-04-28 07:19:43 pm IST
ന്യൂഡല്‍ഹി: കോവീഷീല്‍ഡ് വാക്‌സിന് വില കുറച്ചതായി സീറം ഇന്‍സ്റ്ററ്റിയൂട്ട് മേധാവി അദാര്‍ പൂനവാല അറിയിച്ചു. ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയിലേക്കാണ് കുറച്ചത്. 

'മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സീന്റെ വില ഡോസിന് 400 രൂപയില്‍നിന്ന് 300 രൂപയാക്കി കുറച്ചതായി അറിയിക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ കോടിക്കണക്കിന് ഫണ്ടുകള്‍ ലാഭിക്കാന്‍ കാരണമാകും. കൂടുതല്‍ വാക്‌സിനേഷനും എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കുന്നതിനും കാരണമാകും', പൂനവാല ട്വീറ്റ് ചെയ്തു. 

നേരത്തെ സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 400 രൂപയാണ് നിശ്ചയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും നേരത്തെ നിശ്ചയിച്ച നിരക്കില്‍ തന്നെയാണ് വാക്‌സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്‌സിന്‍ നല്‍കുക. 'സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറയ്ക്കുകയാണ്. ഉടന്‍ പ്രാബല്യത്തിലാകും. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാം. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനും എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കാനും കഴിയും' എന്നാണ് പൂനെവാലയുടെ ട്വീറ്റ്.

കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടിയ വില ഇന്ത്യയില്‍ നിശ്ചയിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൂന്ന് വില എന്ന നയം ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഭാരത് ബയോടെക് - ഐ.സി.എം.ആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ നിരക്കിലുമാണ് നല്‍കുക.

മേയ് ഒന്നു മുതല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വില ഉയര്‍ത്തിയത്. ഇതിനനെതിരെ കനത്ത പ്രതിഷേധം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top