News Desk

2021-05-26 09:19:29 pm IST
തിരുവനന്തപുരം: ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക എന്നതിന് പകരം കോവിഷീല്‍ഡ് എന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് കൊടുക്കുന്നത് കാരണമുണ്ടാകുന്ന പ്രവാസികളുടെ പ്രയാസത്തില്‍ ഇടപ്പെട്ട് മുഖ്യമന്ത്രി. വാക്‌സിന്‍ പേരിലെ പ്രതിസന്ധി സംബന്ധിച്ച് നിവേദനം നല്‍കിയാല്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

കേന്ദ്ര ആരോഗ്യ വകുപ്പ് ഇടപെട്ടാല്‍ അധികം പ്രശ്‌നമില്ലാതെ ഇതു പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിനുകളില്‍ ഇന്ത്യയില്‍ ലഭ്യമായത് ആസ്ട്രസെനികയുടെ കോവിഷീല്‍ഡാണ്. ഈ വാക്‌സിന്‍ സ്വീകരിച്ചാണ് ഭൂരിഭാഗം പ്രവാസികളും സൗദിയിലേക്ക് യാത്ര പുറപ്പെടുന്നത്. എന്നാല്‍, കേരളത്തിലടക്കം ഇന്ത്യയില്‍ ഈ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേര് കോവിഷീല്‍ഡ് എന്നും സൗദിയുടെ അംഗീകൃത പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ആസ്ട്രസെനിക എന്നുമാണ്.

കോവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി വിമാനത്താവളങ്ങളില്‍ സ്വീകരിക്കാത്തതാണ് സൗദിയിലെത്തുന്ന ഇന്ത്യന്‍ പ്രവാസികളെ വലയ്ക്കുന്നത്. കോവിഷീല്‍ഡും ആസ്ട്രാസെനികയും ഒരേ വാക്‌സിനാണ് എന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും വിമാനക്കമ്പനികളേയും ബോധ്യപ്പെടുത്താന്‍ പ്രവാസികള്‍ പ്രയാസപ്പെടുകയാണ്. 

യാത്രക്കാരുടെ വാദം അംഗീകരിക്കാത്ത ഉദ്യോഗസ്ഥര്‍ അവരെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് അയക്കുകയാണ്. ഏഴുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുടക്കണം. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ പേരിലെ പ്രതിസന്ധി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. 

അതേസമയം, രണ്ടാം വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും നിശ്ചിത സമയത്തിനകം രണ്ടാം ഡോസ് നല്‍കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് അതേ സ്ഥാപനത്തില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിനേഷനില്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top