News Desk

2021-05-05 03:12:20 pm IST

കൊച്ചി: തൃപ്പൂണിത്തുറയിലെ യു.ഡി.എഫിന്റെ നിയുക്ത എം.എല്‍.എ കെ. ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.പി.ഐ.എം. കെ. ബാബുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ.എം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 

കെ. ബാബു ശബരിമലയുടെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സി.പി.ഐ.എം കോടതിയില്‍ ചോദ്യം ചെയ്യും.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 99 സീറ്റുകളുമായി തുടര്‍ഭരണത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന് തൃപ്പൂണിത്തറയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. 992 വോട്ടിന് സിറ്റിംഗ് എം.എല്‍.എ എം. സ്വരാജ് കെ. ബാബുവിന് മുന്നില്‍ വീണത് ബി.ജെ.പി വോട്ടുകള്‍ മറിച്ചത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. 

ഇതിനു പിന്നാലെയാണ് കെ. ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം കൂടി സി.പി.ഐ.എം ഉന്നയിക്കുന്നത്. ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സി.പി.ഐ.എം ആവശ്യം. 

തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും കെ. ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സി.പി.ഐ.എം വ്യക്തമാക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം സുന്ദരന്‍ കോടതിയില്‍ ഹരജി നല്‍കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top